വണ്ണം കുറയ്ക്കുകയെന്നത് എളുപ്പമുള്ള കാര്യമേയല്ല. ശ്രദ്ധയോടെയുള്ള ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്. അപ്പോള്‍ പോലും പലര്‍ക്കും വണ്ണം കുറയ്ക്കാൻ ധാരാളം സമയമെടുക്കാറുണ്ട്.
വണ്ണം കുറയ്ക്കുമ്പോള്‍ ഡയറ്റ് പാലിക്കുന്നതിനെ പറ്റി പറഞ്ഞുവല്ലോ. ഇതില്‍ ചില ഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുകയോ, അല്ലെങ്കില്‍ നല്ലതുപോലെ നിയന്ത്രിക്കുകയോ എല്ലാം വേണ്ടി വരാം. പ്രത്യേകിച്ച് കലോറി അധികമായ ഭക്ഷണപാനീയങ്ങള്‍. ഇത്തരത്തില്‍ വണ്ണം കുറയ്ക്കാൻ പാനീയങ്ങളുടെ കാര്യത്തില്‍ മാത്രം ശ്രദ്ധിക്കാവുന്ന, ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാൻ സാധിച്ചാല്‍ വണ്ണം കുറയ്ക്കാനും എളുപ്പമാകും.
ഒന്ന്.
ദിവസവും രാവിലെ ഉറക്കമുണരുമ്പോള്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുക. ഇതില്‍ ഒരു ടീസ്പൂണ്‍ തേനും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കുക. ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ തള്ളിക്കളയുന്നതിന് സഹായിക്കുകയും ചെയ്യാം. ഇവയെല്ലാം തന്നെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തുന്നതാണ്.
രണ്ട്.
ദിവസം തുടങ്ങുമ്പോള്‍ മാത്രമല്ല, ദിവസം മുഴുവനും വെള്ളം കുടിച്ചുകൊണ്ടിരിക്കണം. ഇടയ്ക്കിടെ അല്‍പാല്‍പമായി വെള്ളം കുടിക്കുകയാണ് വേണ്ടത്. ഈ ശീലം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തി, നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) ഒഴിവാക്കുമെന്ന് മാത്രമല്ല ഇടയ്ക്ക് വിശപ്പനുഭവപ്പെടുന്നതും സ്നാക്സ് കഴിക്കുന്നതും അതുപോലെ തന്നെ വല്ലാത്ത ദാഹം അനുഭവപ്പെട്ട് ശീതളപാനീയങ്ങള്‍ കഴിക്കുന്നതുമെല്ലാം തടയാൻ സഹായിക്കും.
മൂന്ന്.
വെള്ളം കുടിക്കുമ്പോള്‍ വെറുതെ വെള്ളം കുടിക്കുന്നതിന് പകരം എന്തെങ്കിലും ചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇങ്ങനെ ചേര്‍ക്കാവുന്ന പഴങ്ങളും പച്ചക്കറികളും ഇലകളും സ്പൈസുകളുമെല്ലാമുണ്ട്. അവരവരുടെ അഭിരുചിക്ക് അനുസരിച്ച് ഇത്തരത്തില്‍ എന്തെങ്കിലും വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാവുന്നതാണ്.
നാല്.
മധുരമടങ്ങിയ ശീതളപാനീയങ്ങള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ഇത് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ടൊരു ഡയറ്റ് ടിപ് കൂടിയാണ്. ഒരുപാട് വ്യത്യാസങ്ങള്‍ ഇതിന് കൊണ്ടുവരാൻ സാധിക്കും.
അഞ്ച്.
കഫീനിന്‍റെ അളവ് കുറയ്ക്കുന്നതും ഏറെ നല്ലതാണ്. അതിനാല്‍ കാപ്പി, ചായ പോലുള്ള പാനീയങ്ങളുടെ അളവും ദിവസത്തില്‍ പരിമിതപ്പെടുത്തണം.
Comments