ഇന്ന് ലോക സി.ഒ.പി.ഡി. രോഗദിനം: പുകവലിക്കേണ്ട; ശ്വാസകോശം ആയുഷ്‌കാലം ആവശ്യമുള്ളതാണ്..

ഓര്‍ക്കുക, ശ്വാസകോശം നമ്മുടെ ആയുഷ്‌കാലം മുഴുവന്‍ ആവശ്യമുള്ളതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന രോഗകാരണങ്ങളില്‍ മൂന്നാംസ്ഥാനത്താണ് ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സി.ഒ.പി.ഡി.). ശ്വാസകോശത്തിലെത്തുന്ന വിഷപ്പുകയാണ് വില്ലന്‍. 

 ഈ രോഗം ബാധിക്കുന്നവരില്‍ ഭൂരിഭാഗവും പുകവലിക്കുന്നവരാണ്. വാഹനങ്ങളില്‍നിന്നും ഫാക്ടറികളില്‍നിന്നുമുള്ള വിഷപ്പുകയും അന്തരീക്ഷമലിനീകരണവും മറ്റുകാരണങ്ങള്‍. സി.ഒ.പി.ഡി. ബാധിച്ച് ഇന്ത്യയില്‍ പ്രതിവര്‍ഷം ആറുലക്ഷത്തോളംപേര്‍ മരിക്കുന്നു. 

നീര്‍ക്കെട്ട് വന്ന് ശ്വാസകോശനാളി ചുരുങ്ങി രോഗം തീവ്രമാകുന്ന അവസ്ഥയില്‍ ഓക്‌സിജന്‍- കാര്‍ബണ്‍ ഡയോക്സൈഡ് വിനിമയത്തെ ഗുരുതരമായി ബാധിക്കും. വ്യാപകമായി കാണപ്പെടുന്നുവെങ്കിലും രോഗത്തെക്കുറിച്ച് അവബോധം കുറവാണ്. ശ്വാസതടസ്സം, ചുമ, കഫക്കെട്ട്, കിതപ്പ്, നീര്‍ക്കെട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ശ്വാസകോശ അര്‍ബുദവും സി.ഒ.പി.ഡി. രോഗികളില്‍ കൂടുതലായി കണ്ടുവരുന്നു.

രോഗികളില്‍ 86.5 ശതമാനവും പുകവലിക്കാരോ പുകവലിക്കുന്നയാളില്‍ നിന്നുള്ള പുക നിരന്തരം ശ്വസിക്കുന്നവരോ ആണ്. കരിമരുന്ന് പ്രയോഗം, കൊതുകുതിരികള്‍, വിറകടുപ്പില്‍നിന്നുള്ള പുക, അഗര്‍ബത്തികളുടെ പുക എന്നിവയും രോഗകാരണമാവാറുണ്ട്. ടി.ബി. അണുബാധ, പോഷകാഹാരക്കുറവ് എന്നിവയും രോഗത്തിന്റെ ആക്കംകൂട്ടുന്നു. 

ശ്വാസകോശശേഷി പരിശോധന, സ്പൈറോമെട്രി എന്നിവയിലൂടെ രോഗനിര്‍ണയം നടത്താം. ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫസീമ തുടങ്ങിയ ഘട്ടങ്ങളിലൂടെ രോഗി കടന്നുപോകേണ്ടിവരുന്നു. ഫിസിയോതെറാപ്പിമുതല്‍ ശ്വസനക്രിയവരെ പ്രാഥമികഘട്ടത്തില്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. 

നിവാരണമാര്‍ഗങ്ങള്‍ പുകവലിയില്‍നിന്നും വിട്ടുനില്‍ക്കുക, ശ്വസനവ്യായാമങ്ങള്‍ ശീലിക്കുക, അന്തരീക്ഷമലിനീകരണം കുറയ്ക്കുക, പൊടിപടലങ്ങളില്‍നിന്നും പുക ശ്വസിക്കേണ്ടിവരുന്ന ജോലികളില്‍നിന്നും കഴിവതും വിട്ടുനില്‍ക്കുക, രോഗപ്രതിരോധ കുത്തിവെപ്പുകളും ചികിത്സയും മരുന്നും സ്വീകരിക്കുക. 

Comments