ക്യാൻസർ സാധ്യത തടയുന്നതിന് എടുക്കേണ്ട 10 മുൻകരുതലുകൾ..

എല്ലാ വർഷവും നവംബർ ഏഴിന് ദേശീയ അർബുദ അവബോധ ദിനമായി (National Cancer Awareness Day) ആചരിച്ചു വരുന്നു. രോ​ഗം നേരത്തേ കണ്ടെത്തി അതിനുള്ള ചികിത്സ നൽകുക, പ്രതിരോധം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായാണ് ഈ ദിനം ആചരിക്കുന്നത്.

2023 ൽ 2 ദശലക്ഷം ആളുകൾക്ക് ക്യാൻസർ ബാധിച്ചതായി നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നു. ഏകദേശം 610,000 പേർക്ക് അർബുദം മൂലം ജീവൻ നഷ്ടപ്പെട്ടു. എന്നിരുന്നാലും, ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, എല്ലാ ക്യാൻസർ കേസുകളിൽ 30-50 ശതമാനവും തടയാൻ കഴിയുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.  

കോശങ്ങൾ അസാധാരണമായി വളരുകയും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന രോഗങ്ങളുടെ ഒരു കൂട്ടമാണ് ക്യാൻസർ. 

ജീവിതശൈലി ഘടകങ്ങൾ (പുകവലി, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം എന്നിവ) കുടുംബചരിത്രം, ചില വൈറസുകളിൽ നിന്നുള്ള അണുബാധകൾ (എച്ച്ഐവി പോലുള്ളവ) എന്നിവ ക്യാൻസർ ബാധിക്കുന്നതിന് കാരണങ്ങളാണെന്ന് മുംബെെയിലെ വോക്കാർഡ് ഹോസ്പിറ്റലിലെ ഓങ്കോസർജൻ ഡോ തിരത്രം കൗശിക് പറഞ്ഞു.
 
ക്യാൻസർ സാധ്യത തടയാൻ ജീവിതശെെലിൽ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒന്ന്

അമിതവണ്ണമുള്ള ആളുകൾക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. അധിക കൊഴുപ്പ്, പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ്, ഹോർമോൺ അസന്തുലിതാവസ്ഥ, ഇൻസുലിൻ പ്രതിരോധം ഇവയെല്ലാം ക്യാൻസർ വികസനത്തിന് കാരണമാകുന്നു. അന്നനാളം (അഡിനോകാർസിനോമ), കരൾ, പിത്തസഞ്ചി, പാൻക്രിയാസ്,  തൈറോയ്ഡ്, വൻകുടൽ, പാൻക്രിയാറ്റിക് തുടങ്ങിയ വ്യത്യസ്ത അർബുദങ്ങളുടെ അപകടസാധ്യത പൊണ്ണത്തടിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കണ്ടെത്തി. സമീകൃതാഹാരത്തിലൂടെയും ക്രമമായ ശാരീരിക പ്രവർത്തനങ്ങളിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്.

രണ്ട്

സ്ഥിരമായ ശാരീരിക പ്രവർത്തനങ്ങൾ ക്യാൻസർ തടയുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. വ്യായാമം ആരോഗ്യകരമായ ഭാരം നിലനിർത്താനും ഹോർമോണുകളുടെ അളവ് സന്തുലിതമാക്കാനും രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു, ഇവയെല്ലാം കാൻസർ സാധ്യത കുറയ്ക്കും. ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് മിതമായ വ്യായാമം ശീലമാക്കണമെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്യാൻസർ റിസർച്ച് വ്യക്തമാക്കുന്നു.  

മൂന്ന്

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമം ക്യാൻസർ സാധ്യത കുറയ്ക്കും. ക്യാൻസർ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ തക്കാളിയിൽ നിന്നുള്ള കരോട്ടിനോയിഡുകൾ, സരസഫലങ്ങളിൽ നിന്നുള്ള ഫ്ലേവനോയിഡുകൾ സഹായകമാണ്.

നാല്

മദ്യത്തിന്റെ അമിതമായ ഉപഭോഗം കുറഞ്ഞത് ഏഴ് തരത്തിലുള്ള ക്യാൻസറുകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ എത്രത്തോളം മദ്യം കുടിക്കുന്നുവോ അത്രയധികം കാൻസർ സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ വ്യക്തമാക്കുന്നു.

അഞ്ച്

പുകവലി ശ്വാസകോശ അർബുദത്തിനും അതുപോലെ വായ, തൊണ്ട, മൂത്രസഞ്ചി, പാൻക്രിയാസ്, വൃക്ക എന്നിവയുടെ അർബുദ സാധ്യത വർദ്ധിപ്പിക്കുന്നു. 

ആറ്

സ്കിൻ ക്യാൻസർ, പ്രത്യേകിച്ച് മെലനോമ, ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ്. അമിതമായി സൂര്യപ്രകാശം കൊള്ളുന്നതാണ് ഇതിന്റെ പ്രധാന കാരണം. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (UV) വികിരണം ചർമ്മകോശങ്ങളെ നശിപ്പിക്കുകയും കാലക്രമേണ ചർമ്മ കാൻസറിന് കാരണമാവുകയും ചെയ്യും.സൺസ്‌ക്രീൻ പതിവായി ഉപയോഗിക്കുന്നത് ത്വക്ക് ക്യാൻസറിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജിയിൽ നിന്നുള്ള ഗ‌വേഷകർ പറയുന്നു.

ഏഴ്

ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV), എച്ച്ഐവി എന്നിവയുൾപ്പെടെയുള്ള ലൈംഗികമായി പകരുന്ന ചില അണുബാധകൾ (STIs) ക്യാൻസർ വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. സെർവിക്കൽ ക്യാൻസറിനുള്ള പ്രധാന കാരണം എച്ച്പിവി ആണ്. ഇത് മലദ്വാരം, തൊണ്ട, പെനൈൽ ക്യാൻസറുമായും ബന്ധപ്പെട്ടിരിക്കുന്നു.

എട്ട് 

വിട്ടുമാറാത്ത ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധകൾ പോലുള്ള ചില അണുബാധകൾ കരൾ രോഗത്തിനും കരൾ അർബുദത്തിനും സാധ്യത വർദ്ധിപ്പിക്കുമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

ഒൻപത്

കാൻസറിന് കാരണമാകുന്ന വൈറസുകളെ പ്രതിരോധിക്കുന്നതിലൂടെ വാക്സിനേഷൻ ചില തരത്തിലുള്ള ക്യാൻസറിനെ പ്രതിരോധിക്കും. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്സിൻ സെർവിക്കൽ,  തൊണ്ട ക്യാൻസർ ഉൾപ്പെടെയുള്ള നിരവധി ക്യാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും. 

പത്ത്

പതിവ് സ്വയം പരിശോധനകളും പതിവ് കാൻസർ സ്ക്രീനിംഗുകളും ക്യാൻസർ ചികിത്സിക്കാൻ കഴിയുന്ന ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കും. മാമോഗ്രാം, കൊളോനോസ്‌കോപ്പി, പാപ് സ്‌മിയർ, തുടങ്ങിയ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വഴി രോ​ഗം തിരിച്ചറിയാൻ കഴിയും. 



Comments