ചികിത്സ അതിസങ്കീർണം, പ്രതിരോധം പ്രധാനം; നിപ്പ അറിയേണ്ട കാര്യങ്ങൾ.!

 


കോഴിക്കോട്: കേരളത്തിൽ 2018 മുതൽ അഞ്ച് തവണയാണ് നിപ്പ രോഗബാധ സ്ഥിരീകരിച്ചത്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ്പ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്.

 രോഗലക്ഷണങ്ങൾ

വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് (ഇൻക്യുബേഷൻ പിരീഡ്) 4 മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, ഛർദി, ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാസകോശത്തേയും ബാധിക്കും.

രോഗസ്‌ഥിരീകരണം

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, രക്‌തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാംപിളുകൾ ശേഖരിച്ച് ആർടിപിസിആർ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

സ്വീകരിക്കേണ്ട മുൻകരുതലുകൾ

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അതിസങ്കീർണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് പ്രധാനം. വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ കഴിവതും പോകരുത്. വവ്വാൽ കടിച്ച പഴങ്ങളോ മറ്റോ സ്പർശിക്കാനോ കഴിക്കാനോ പാടില്ല. കൃത്യമായി മാസ് ഉപയോഗിക്കുക. സാമൂഹിക അകലം പാലിക്കുക

ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് സമയം നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യണം.


Comments