പുറത്ത് പോയി കഷ്ടപ്പെട്ട് നടക്കണ്ട നിൽക്കുന്ന സ്ഥലത്ത് നിന്ന് 7 മിനിറ്റിൽ 1000 സ്റ്റെപ്പ്സ് പൂർത്തിയാക്കാം..

വ്യായാമം ചെയ്യുന്നത് ഓർക്കുമ്പോൾ തന്നെ പലർക്കും ആകെപാടെ വിഷമമാണ്. രാവിലെ എഴുന്നേറ്റ് ജിമ്മിലോ അല്ലെങ്കിൽ നടക്കാനോ ഓടാനോ ഒക്കെ പോകാനും മടിയുള്ളവരുണ്ടാകും. പക്ഷെ വണ്ണം കൂടുന്നതും അവരെ അലട്ടാറുമുണ്ട്. പലർക്കും സമയമില്ലാത്തത് കാരണം മനപ്പൂർവ്വം വ്യായാമം ഒഴിവാക്കുന്നത്. എന്നാൽ പുറത്ത് നടക്കാനോ ഓടാനോ പോകാതെ തന്നെ എളുപ്പത്തിൽ നിൽക്കുന്ന സ്ഥലത്ത് നിന്ന് 1000 ചുവടുകൾ കവർ ചെയ്യാൻ കഴിയുന്ന ചില വ്യായാമങ്ങൾ നോക്കാം. ഏഴ് മിനിറ്റ് കൊണ്ട് ഈ വ്യായാമങ്ങൾ ചെയ്ത് തീർക്കാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഹൈ നീസ്

എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ആദ്യത്തേതാണ് ഹൈ നീസ് വ്യായാമം. പൊതുവെ ജിമ്മിലൊക്കെ പോകുന്നവർക്ക് സുപരിചിതമായിരിക്കുമിത്. കൈകൾ രണ്ടും നീട്ടി പിടിക്കുക. കൈപ്പത്തി കാലിനെ സമാന്തരമായി വേണം പിടിക്കാൻ. അതിന് ശേഷം മുട്ടുകൾ പരമാവധി മടക്കി കൈയുടെ അടുത്ത് വരെ എത്തിക്കണം. ഇത് ഓടുന്ന രീതിയിൽ ചെയ്യാവുന്നതാണ്. 45 സെക്കൻഡ്സ് വേണം ഇത് ചെയ്യാൻ.

റണിങ്ങ് ഇൻ പ്ലേസ്

പേരിൽ പോലെ തന്നെയാണ് ഈ വ്യായാമവും നിൽക്കുന്ന സ്ഥലത്ത് നിന്ന് ഓടുക. വളരെ സിമ്പിളാണെങ്കിലും പവർ ഫുളാണ് ഈ വ്യായാമം. നിൽക്കുന്ന സ്ഥലത്ത് നിന്ന് സാധാരണ ഓടുന്ന അതേ രീതിയിൽ ഓടുക. 45 സെക്കൻഡ്സ് വേണം ഇത് ചെയ്യാൻ. വേഗത കൂട്ടാതെ സാവാധാനം വേണം ഓടുന്നത് പോലെ ചെയ്യാൻ.

ജംപിങ്ങ് ജാക്ക്സ്

വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന വ്യായാമമാണിത്. കൈകൾ രണ്ടും വശങ്ങളിലേക്ക് നീട്ടി മുകളിലേക്ക് കൊണ്ട് വന്ന് മുട്ടിക്കുക. ഇത് ചെയ്യുമ്പോൾ കാലുകൾ പുറത്തേക്കും അകത്തേക്കും കൊണ്ടു വരുന്ന രീതിയിൽ ചാടി കൊണ്ട് വേണം ചെയ്യാൻ. 45 സെക്കൻഡ്സ് ഇതും ചെയ്യുക.

സൈഡ് സ്റ്റെപ്പ്സ്

നിൽക്കുന്ന സ്ഥലത്ത് നിന്ന് ഇരു വശങ്ങളിലേക്കും ഓടുന്നതാണ് ഈ വ്യായാമം. ആദ്യം നിൽക്കുന്ന സ്ഥലത്ത് നിന്ന് ഇടത്തേക്കും അതുപോലെ വലത്തേക്കും ഓടാൻ ശ്രമിക്കുക. 45 സെക്കൻഡ്സ് ഇതും ചെയ്യാം.

ഇൻവിസിബിൾ ജംപ്

ഇത് വളരെ എളുപ്പമാണ്. സ്ക്പിങ്ങ് റോപ് ഉപയോഗിക്കുന്ന രീതിയിലാണ് ഇത് ചെയ്യുന്നത്. പക്ഷെ കൈകളിൽ റോപ് ഇല്ലാതെ വേണം ഇത് ചെയ്യാൻ. സ്കിപ് ചെയ്യുന്ന പോലെ കൈകളും കാലുകളും ഉപയോഗിച്ച് ചാടുന്നതാണ് ഈ വ്യായാമം. 45 സെക്കൻഡ്സ് ഇത് ചെയ്യാം.

ബട്ട് കിക്ക്.

ബട്ട് കിക്ക് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക കാലുകളിൽ പിടിക്കാൻ പാടില്ല. നിൽക്കുന്ന സ്ഥലത്ത് നിന്ന് കൊണ്ട് ഓരോ കാലുകളും പുറകിലെ നിതംബത്തിലേക്ക് തട്ടുന്നത് പോലെ ചെയ്യണം. ഓടികൊണ്ട് വേഗത്തിൽ വേണം ഇത് ചെയ്യാൻ. കൈകൾ പുറകെ കെട്ടാൻ മറക്കരുത്. 45 സെക്കൻഡ്സാണ് ഇതും ചെയ്യുന്നത്.

ക്വിക്ക് ഫീറ്റ്

നിൽക്കുന്ന സ്ഥലത്ത് നിന്ന് അതിവേഗത്തിൽ കാലുകൾ മാത്രം ഉപയോഗിച്ച് ഓടുക വളരെ സിമ്പിളാണ് ഈ വ്യായാമം. റണിങ് ഇൻ പ്ലേസ് വ്യായാമം പോലെ ഇത് തോന്നുമെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായി അതിവേഗത്തിൽ വേണം ഓടാൻ. ഇതും 45 സെക്കൻഡ്സ് ചെയ്യുക. ഓരോ വ്യായാമത്തിനിടയിലും 15 മുതൽ 30 സെക്കൻഡ്സ് ബ്രേക്ക് എടുക്കാൻ മറക്കരുത്.


Comments