World Asthma Day 2024: ആസ്ത്മയെ പ്രതിരോധിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും കഴിക്കേണ്ട ഭക്ഷണങ്ങളും

 


ഇന്ന് ലോക ആസ്ത്മ ദിനം ആണ്. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ (Global Initiative for Asthma, GINA ) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ച ആണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. രോഗത്തെപ്പറ്റിയുള്ള  അവബോധം സൃഷ്ടിക്കുക, തുടക്കത്തില്‍ തന്നെ കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നീ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിന്‍റെ ലക്ഷ്യം. 

ആസ്ത്മ ഒരു അലര്‍ജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. കാലാവസ്​ഥ, മലിനീകരണം എന്നിവയും കാരണമാകാം. ഒപ്പം പാരമ്പര്യവും ആസ്​ത്മ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടാമെന്നും വിദഗ്ധര്‍ പറയുന്നു.

ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക തുടങ്ങിയവയാണ് ആസ്‍ത്മ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ തണുപ്പ്, പൊടി, കായികാഭ്യാസം എന്നിവ ഉണ്ടാകുമ്പോള്‍ കൂടുന്നതും ആസ്ത്മയുടെ ലക്ഷണമാകാം. അതേസമയം, എല്ലാ ശ്വാസതടസ്സ പ്രശ്‌നങ്ങളും ആസ്ത്മയുടേതല്ല. ആസ്ത്മ രോഗികള്‍  ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഗുളികകളോ സിറപ്പുകളോ ഇന്‍ഹേലറുകളോ ഉപയോഗിക്കുക. 


എങ്ങനെ പ്രതിരോധിക്കാം ?

  • അടിസ്ഥാനപരമായ കാര്യമായ കൈകളുടെ ശുചിത്വം ഉറപ്പാക്കുക. 
  • ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളില്‍ നിന്ന് അകലം പാലിക്കുക. 
  • ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. 
  • മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കുക. 
  • ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക.
  • ആസ്ത്മ രോഗികള്‍ പുകവലി ഉപേക്ഷിക്കുക. അതുപോലെ തന്നെ പുകവലിക്കുന്നവരില്‍ നിന്ന് അകലം പാലിക്കുക.
  • കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്താം.
  • തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. 

ആസ്‍ത്മ രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഇലക്കറികള്‍, സാല്‍മണ്‍ ഫിഷ്, നെല്ലിക്ക, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍, കുരുമുളക്, ഗ്രീന്‍ ടീ തുടങ്ങിയവയൊക്കെ ആസ്ത്മ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം. –--

Comments