പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം പ്രശ്നമോ?

 പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എന്ന പ്രശ്നത്തെ കുറിച്ച് മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ പേരില്‍ അവബോധമുണ്ട്. എങ്കിലും ഇപ്പോഴും ഇതെക്കുറിച്ച് കാര്യമായ അറിവുകളൊന്നുമില്ലാതെ തുടരുന്നവരുമുണ്ട്. പിസിഒഎസിനെ കുറിച്ച് ചെറിയൊരു ധാരണയെങ്കിലും ഉണ്ടാകേണ്ടത് നിര്‍ബന്ധമാണ്. കാരണം പിസിഒഎസ് പലവിധത്തിലുള്ള പ്രയാസങ്ങളും ജീവിതത്തില്‍ സൃഷ്ടിക്കാം. 

ഇത്തരത്തില്‍ പിസിഒഎസ് സൃഷ്ടിക്കാവുന്നൊരു പ്രതിസന്ധിയാണ് ഗര്‍ഭധാരണവുമായി ബന്ധപ്പെട് സങ്കീര്‍ണതകള്‍. പിസിഒഎസ് എന്ന് പറയുന്നത് ഒരു രോഗമല്ല, അവസ്ഥയാണ്. അടിസ്ഥാനപരമായി സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഈ അവസ്ഥയിലുണ്ടാകുന്നത്. 

ഇതിനെ തുടര്‍ന്ന് പലവിധ പ്രശ്നങ്ങളും ഉണ്ടാകുന്നു. ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങളാണ് ഏറെയും നേരിടുക. ഇതിന് പുറമെ ശരീരത്തില്‍ മുഖത്തടക്കം അമിത രോമവളര്‍ച്ച, വിഷാദ രോഗം (ഡിപ്രഷൻ), അമിതവണ്ണം എന്നിങ്ങനെ പല പ്രയാസങ്ങളും പിസിഒഎസ് തീര്‍ക്കുന്നുണ്ട്.

ഇതില്‍ ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ പിന്നീട് സ്ത്രീകളില്‍ ഗര്‍ഭധാരണത്തിലും സങ്കീര്‍ണത സൃഷ്ടിക്കാം. എന്നുവച്ചാല്‍ പിസിഒഎസുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിക്കില്ലെന്നോ, ഗര്‍ഭധാരണം നടന്നാലും അത് തീര്‍ച്ചയായും സങ്കീര്‍ണമാകണമെന്നോ ഇല്ല. പക്ഷേ ഇതിനെല്ലാമുള്ള സാധ്യത പിസിഒഎസ് തീര്‍ക്കുന്നു. 

ഒന്നാമതായി പിസിഒഎസ് ഉള്ളവരില്‍ ഗര്‍ഭധാരണം നടക്കാൻ തന്നെ പ്രയാസമാണ്. കാരണം ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരിയാംവിധത്തില്‍ അല്ലാത്തതിനാല്‍ അണ്ഡത്തിന്‍റെ വളര്‍ച്ചയും മറ്റും പ്രശ്നത്തിലാകും. അതുപോലെ ആര്‍ത്തവക്രമം തെറ്റാണെങ്കില്‍ അതും ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്നതിലേക്ക് നയിക്കും. 

ഇനി ഗര്‍ഭധാരണം സംഭവിച്ചാലും പിസിഒഎസ് ഉണ്ടാക്കുന്ന ആന്തരീകപ്രശ്നങ്ങളാല്‍ ഗര്‍ഭം അലസാം. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ പിസിഒഎസുള്ള സ്ത്രീകള്‍ ഗര്‍ഭധാരണത്തിന് ഒരുങ്ങുന്നുണ്ടെങ്കില്‍ അതിന് അല്‍പം സമയമെടുത്ത്, ചെയ്യാനുള്ള ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം. 

ആദ്യം ഭക്ഷണരീതി ആരോഗ്യകരമായി ക്രമീകരിക്കുക. സമയത്തിന് ഭക്ഷണം കഴിക്കുക. ബാലൻസ്ഡ് ആയി എല്ലാ പോഷകങ്ങളും ലഭിക്കുംവിധത്തിലുള്ള ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുക. മധുരം കഴിവതും കുറയ്ക്കുക. ഫാബര്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയെല്ലാം കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാം. നല്ലതുപോലെ വെള്ളം കുടിക്കുകയും വേണം. ഇത്രയും കാര്യങ്ങള്‍ ഡയറ്റില്‍ ശ്രദ്ധിക്കണം.

ഇനി ശ്രദ്ധിക്കാനുള്ളത് ഉറക്കവും സ്ട്രെസും ആണ്. ദിവസവും രാത്രിയില്‍ 8 മണിക്കൂര്‍ ഉറക്കം ഉറപ്പിക്കണം. അതുപോലെ സ്ട്രെസ് അനുഭവിക്കാതിരിക്കുക. ഇതിനുള്ള അന്തരീക്ഷം ഉറപ്പാക്കുക. സ്ട്രെസ് വലിയ അളവിലാണ് പിസിഒഎസ് പ്രശ്നങ്ങള്‍ കൂട്ടുക. 

അടുത്തതായി വ്യായാമം. ദിവസവും ഏറ്റവും കുറഞ്ഞത് മുപ്പത് മിനുറ്റെങ്കിലും വ്യായാമം ചെയ്യണം. യോഗ, ഡീപ് ബ്രീത്തിംഗ് എക്സര്‍സൈസസ് എല്ലാം വളരെ നല്ലതാണ്. സന്തോഷകരമായി ജീവിതത്തില്‍ തുടരാനും എപ്പോഴും ശ്രമിക്കണം. സ്ത്രീകളെ സംബന്ധിച്ച് ഇക്കാര്യങ്ങള്‍ക്കെല്ലാം പങ്കാളിയുടെ പിന്തുണയും കൂടിയേ തീരൂ. അതിനാല്‍ പങ്കാളിയായിട്ടുള്ളവരും ഇതിന് 'സപ്പോര്‍ട്ട്' നല്‍കണം. 


ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് ആവശ്യമായ പരിശോധനകള്‍ നടത്തുക. എന്തെങ്കിലും വിധത്തിലുള്ള മുന്നൊരുക്കങ്ങളോ ചികിത്സയോ ഗര്‍ഭധാരണത്തിന് മുമ്പ് എടുക്കാനുണ്ടെങ്കില്‍ അതും എടുക്കാം. പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് ഗര്‍ഭധാരണവും സുഖപ്രസവവും എല്ലാം സാധ്യമാണ്. ഇത് അസാധ്യമാണെന്ന് ധരിക്കുകയേ ചെയ്യരുത്. പലരും ഇതറിയാതെ പോലും ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് തിരിച്ചറിയുകയും മുന്നൊരുക്കം ഉണ്ടാവുകയും ചെയ്യുന്നതാണ് ഏറ്റവും നല്ലത്. 

Comments