ഉറക്കം കുറവാണോ? എങ്കില്‍, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യ വിദ​ഗ്ധർ


 ശരിയായ ഉറക്കം മനുഷ്യന് ഏറെ പ്രധാനപ്പെട്ടതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇന്ന് പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്. രാത്രി ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തിന്‍റെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കാം. രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭംരോഗപ്രതിരോധ ശേഷി ദുർബലമാവുക, മാനസിക സമ്മര്‍ദ്ദം, രക്തസമ്മര്‍ദ്ദം ഉയരുക എന്നിവയ്ക്ക് വരെ കാരണമാകാം. 

ഇപ്പോഴിതാ ഉറക്കം കുറഞ്ഞാല്‍ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗ സാധ്യത കൂടുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. നാലിലൊരാൾ എന്ന നിലയിൽ അമേരിക്കയിൽ സാധാരണമായ ഈ രോ​ഗത്തിനു പിന്നിൽ ഉറക്കക്കുറവും കാരണമാണെന്നാണ് മിനെസോട്ടയിൽ നിന്നുള്ള എം.എൻ.ജി.ഐ ഡൈജസ്റ്റീവ് ഹെൽത്തിലെ ​ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഇബ്രാഹിം ഹനൗനെ പറയുന്നത്.  ലക്ഷണങ്ങളില്ലാത്തതിനാൽ തന്നെ ഇതിനെ നിശബ്ദ മഹാമാരിയെന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമിതമായ മദ്യപാനം മൂലവും ഫാറ്റി ലിവര്‍ രോഗം ഉണ്ടാകാം. എന്നാൽ മദ്യമല്ലാതെ അമിത വണ്ണവും മോശം ഭക്ഷണം ശീലം പോലുള്ള മറ്റുകാരണങ്ങളാൽ കരളിന്റെ ആരോ​ഗ്യം നശിക്കുന്ന അവസ്ഥയാണിത്. 25 ശതമാനം മുതൽ 33 ശതമാനം വരെയാളുകളെ ഫാറ്റി ലിവർ ബാധിക്കുന്നതായി പല പഠനങ്ങളും പറയുന്നുണ്ട്. പക്ഷേ മിക്കയാളുകൾക്കും ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകുന്നില്ല എന്നതാണ് വെല്ലുവിളി. രോഗം പുരോഗമിക്കുമ്പോൾ, ചർമ്മത്തില്‍ മഞ്ഞനിറം ഉണ്ടാകാം. കരളിന്‍റെ പ്രവര്‍ത്തനം താറുമാറാകുമ്പോള്‍, ബിലിറൂബിന്‍ അമിതമായി ചര്‍മ്മത്തിന് താഴെ അടിഞ്ഞു കൂടും. ഇതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍, വയറു വേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, ക്ഷീണം എന്നിവയാണ് ചിലരെ ബാധിക്കുന്ന ലക്ഷണങ്ങള്‍. 


ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Comments