പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ ഈ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുക



ആതുരസേവന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. മുൻകാലങ്ങളെ അപേക്ഷിച്ച് നമുക്കിത് ഏറെ നല്ലതാണെന്ന് തന്നെ പറയാം. കാരണം മുമ്പ് നാം ശ്രദ്ധിക്കാതെ കടന്നുപോയിരുന്ന- പിന്നീട് അതിസങ്കീര്‍ണമായി നമ്മളെ തന്നെ തിരിച്ചടിക്കുന്ന തരം ആരോഗ്യപ്രശ്നങ്ങളെയോ അസുഖങ്ങളെയോ എല്ലാം പോരാടിത്തോല്‍പിക്കാൻ നമുക്ക് മുമ്പില്‍ മാര്‍ഗങ്ങളുണ്ടാവുകയാണല്ലോ.

ഈ അടുത്ത കാലത്തായി ഇത്തരത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയൊരു വിഷയമാണ് പോസ്റ്റ്‍പാര്‍ട്ടം ഡിപ്രഷൻ. പ്രസവാനന്തരം സ്ത്രീകളെ ബാധിക്കുന്നൊരു മാനസികപ്രശ്നമാണിത്. ഇത് നേരത്തെയും സ്ത്രീകളെ സംബന്ധിച്ച് വലിയ വിഷയം തന്നെയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലാണ് ഇത് ഇന്ത്യയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത്.

ധാരാളം സ്ത്രീകളെ ഇത് ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചില ലക്ഷണങ്ങളിലൂടെ തന്നെ പോസ്റ്റ്‍പാര്‍ട്ടം ഡിപ്രഷൻ നമുക്ക് മനസിലാക്കിയെടുക്കാം. അങ്ങനെയെങ്കില്‍ സമയബന്ധിതമായി തന്നെ വൈദ്യസഹായവും തേടാം. ഇത് കൂടുതല്‍ പ്രശ്നങ്ങളോ അപകടമോ സംഭവിക്കുന്നതിനെ പ്രതിരോധിക്കും. 



ലക്ഷണങ്ങള്‍...

തുടര്‍ച്ചയായ നിരാശയോ ദുഖമോ തോന്നുന്ന അവസ്ഥയാണ് പോസ്റ്റ്‍പാര്‍ട്ടം ഡിപ്രഷന്‍റെ ഒരു പ്രധാന ലക്ഷണം. എന്ത് ചെയ്യുമ്പോഴും ഒരു സന്തോഷമോ സജീവതയോ അനുഭവപ്പെടാതിരിക്കുക. നേരത്തേ ഏറെ ഇഷ്ടപ്പെട്ടിരുന്ന- ഏറെ സന്തോഷം നല്‍കിയിരുന്ന കാര്യങ്ങള്‍ പോലും സ്പര്‍ശിക്കാത്ത അവസ്ഥ. ദുഖത്തോടൊപ്പം തന്നെ പ്രതീക്ഷകള്‍ അനുഭവപ്പെടാതിരിക്കുക, സുഖങ്ങള്‍ അനുഭവപ്പെടാതിരിക്കുക, ശ്രദ്ധക്കുറവ്, മുൻകോപം, പെട്ടെന്ന് പ്രകോപിതരാവുക, പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെടുക, സ്വയം വിലയില്ലെന്ന് തോന്നുക, എന്തിനെന്നില്ലാതെ കുറ്റബോധം അലട്ടുക, സ്വയം പരാജയമാണെന്ന് ചിന്തിക്കുക - ഇതെല്ലാം പോസ്റ്റ്‍പാര്‍ട്ടം ഡിപ്രഷനെ സൂചിപ്പിക്കുന്നതാണ്. 

എപ്പോഴും ക്ഷീണവും തളര്‍ച്ചയും തന്നെ. അതുകാരണം എപ്പോഴും കിടക്കണമെന്ന ചിന്തയുണ്ടാകാം. ഈ സമയങ്ങളില്‍ കുഞ്ഞ് വരെ ശല്യമായി തോന്നാം. കുഞ്ഞിനോട് ദേഷ്യം, ചില സന്ദര്‍ഭങ്ങളില്‍ കുഞ്ഞിനെ എന്തെങ്കിലും ചെയ്താലോ എന്ന് വരെ തോന്നുന്ന അവസ്ഥ, ആത്മഹത്യ ചെയ്ത് സ്വയം അവസാനിപ്പിക്കാമെന്ന ചിന്ത എല്ലാം തോന്നാം. ഇങ്ങനെ പോസ്റ്റ്‍പാര്‍ട്ടം ഡിപ്രഷൻ മൂലം കുഞ്ഞിനെ ആക്രമിച്ചവരും ആത്മഹത്യ ചെയ്തവരുമെല്ലാം ഏറെയാണ്. 

ചിലര്‍ക്ക് പോസ്റ്റ്‍പാര്‍ട്ടം ഡിപ്രഷനിലുള്ള സ്ത്രീകള്‍ ചിലപ്പോള്‍ തീരെ ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ഇരിക്കുന്നത് കാണാം. രോഗമുള്ള മറ്റ് ചിലരാകട്ടെ നേരെ തിരിച്ച് അമിതമായി കഴിക്കുകയും അമിതമായി ഉറങ്ങുകയും ചെയ്യാം. വീട്ടുകാരില്‍ നിന്നോ  കൂട്ടുകാരില്‍ നിന്നോ എല്ലാം അകലം പാലിക്കാം. ഇടയ്ക്കിടെ പൊട്ടിത്തെറിയുണ്ടാകാം, അല്ലെങ്കില്‍ ഒന്നും പറയാതിരിക്കുന്ന അവസ്ഥ. ശരീരവേദന, ദഹനപ്രശ്നങ്ങള്‍ എല്ലാം നേരിടാം. 

ചെയ്യേണ്ടത്...

പ്രസാവനന്തരം സ്ത്രീകള്‍ തങ്ങള്‍ക്ക് ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ എന്തെങ്കിലും കാണുന്നപക്ഷം അത് ഉടൻ മാതാപിതാക്കളുമായോ പങ്കാളിയുമായോ തുറന്ന് സംസാരിക്കുന്നത് നല്ലതാണ്. കാര്യമായ രീതിയില്‍ ലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറെ കാണുകയും വേണം. ചിലര്‍ക്ക് സ്വയം തന്നെ കാര്യങ്ങള്‍ ചെയ്യാൻ സാധിക്കുമെങ്കിലും എല്ലാവരുടെ കാര്യത്തിലും ഇത് പ്രതീക്ഷിക്കാവുന്നതല്ല.

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷൻ വളരെ അപകടമേറിയ അവസ്ഥയാണ്. അതിനാല്‍ തന്നെ ഇതനുഭവിക്കുന്നവര്‍ക്ക് കൂടെയുള്ളവരുടെ പിന്തുണ എപ്പോഴും വേണം. പലപ്പോഴും അവര്‍ക്ക് വേണ്ടി 'അഡ്ജസ്റ്റ്' ചെയ്തും ക്ഷമിച്ചുമെല്ലാം കൂടെ നില്‍ക്കേണ്ടിവരാം. ഇങ്ങനെ നില്‍ക്കാൻ സാധിച്ചില്ലെങ്കില്‍ അത് ആ വ്യക്തിയുടെയും കുഞ്ഞിന്‍റെയും അനുബന്ധമായി നില്‍ക്കുന്നവരുടെയുമെല്ലാം ജീവിതം നശിപ്പിക്കാം. 

ഇതിനെല്ലാം ഒപ്പം തന്നെ ആരോഗ്യകരമായ ജീവിതരീതികളും മുന്നോട്ട് കൊണ്ടുപോകാൻ ശ്രദ്ധിക്കണം. പൊടിക്കാത്ത ധാന്യങ്ങള്‍, മധുരക്കിഴങ്ങ് പോലുള്ള കോംപ്ലക്സ് കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങള്‍, ഒമേഗ 3 ഫാറ്റി ആസിഡ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍, ധാരാളം പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഡയറ്റിലുള്‍പ്പെടുത്തണം. ആരോഗ്യകരമായ, വൃത്തിയുള്ള ഭക്ഷണം തന്നെ നല്‍കുക. നല്ലതുപോലെ വെള്ളം കുടിക്കുക. ഉറക്കമില്ലെങ്കില്‍ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിയാണെങ്കിലും ഉറങ്ങുക. യോഗ, മെഡിറ്റേഷൻ, ചെറിയ വര്‍ക്കൗട്ടുകള്‍ എല്ലാം ചെയ്യാം. നടക്കാൻ കഴിയുമെങ്കില്‍ ദിവസവും അല്‍പസമയം നടക്കുന്നതും നല്ലതാണ്.


Comments