തടി കുറയ്ക്കാന്‍ കിടക്കാന്‍ നേരം ഇവ ഒഴിവാക്കുക.

 


തടി കൂടുന്നത് സൗന്ദര്യപ്രശ്‌നവും അതിനേക്കാളേറെ ആരോഗ്യപ്രശ്‌നവുമാണ്. പ്രത്യേകിച്ചും ഇപ്പോഴത്തെ ജീവിതശൈലികളില്‍. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ അമിതവണ്ണം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കാലഘട്ടമാണിത്. വ്യായാമക്കുറവും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുമാണ് ഇതിന് കാരണം. തടി വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പലതുമുണ്ട്. കൊളസ്‌ട്രോള്‍, ബിപി, പ്രമേഹം, ലിവര്‍ പ്രശ്‌നങ്ങള്‍, കാല്‍മുട്ടുവേദന തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്ന ഒന്നാണ് തടി. തടി കൂടുതലാകാന്‍ നമ്മുടെ ചില ശീലങ്ങളും നാം ചെയ്യുന്ന കാര്യങ്ങളും കാരണമാകുന്നു. ഇത്തരത്തിലെ ചില രാത്രി ശീലങ്ങളെക്കുറിച്ചറിയൂ. തടി കുറയ്ക്കാന്‍ ഇതൊഴിവാക്കുന്നത് ഗുണം നല്‍കും.

അത്താഴം

കിടക്കും മുന്‍പ് രണ്ടു മണിക്കൂര്‍ മുന്‍പ് അത്താഴം കഴിയ്ക്കുക. മാത്രമല്ല, രാത്രിയില്‍ കലോറി കൂടുതലുള്ള സ്‌നാക്‌സ് ഒഴിവാക്കുക. . ഇത് തടി കൂട്ടാനുള്ള പ്രധാന കാരണമാണ്. അത്താഴശേഷം വിശക്കുന്നുവെങ്കില്‍ ഗ്രീക്ക് യോഗര്‍ട്ട്, ഏതെങ്കിലും ഫ്രൂട്‌സ് എന്നിവ കഴിയ്ക്കാം. വൈകി അത്താഴം കഴിയ്ക്കുന്നത് നല്ല ശീലമല്ല. വൈകീട്ട് 7തന്നെ അത്താഴം പൂര്‍ത്തിയാക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ല ശീലങ്ങളില്‍ പെടുന്നു.

ബ്ലൂ ലൈറ്റ് ​


ഉറക്കം ശരിയായി ലഭിയ്ക്കാത്തത് അമിതവണ്ണത്തിനുള്ള പ്രധാന കാരണമാണ്. കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ഫോണ്‍, ടിവി എന്നിവയെല്ലാം തന്നെ ബ്ലൂ ലൈറ്റ് പുറപ്പെടുവിയ്ക്കുന്നു. ഇത് ഉറക്കത്തിന് സഹായിക്കുന്ന മെലാട്ടനിന്‍ ഹോര്‍മോണ്‍ ഉല്‍പാദത്തെ തടയുന്നു. ഉറക്കം കുറയുന്നു. കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പായി ഇത്തരം വസ്തുക്കള്‍ മാറ്റി വയ്ക്കുക. ബുക്ക് വായിക്കാം, പാട്ട് കേള്‍ക്കാം. ഇതെല്ലാം മനസ് ശാന്തമാക്കാനും നല്ലതാണ്. ഇതും നല്ല ഉറക്കത്തെ സഹായിക്കും.

പല സമയത്ത് ഉറങ്ങുന്നത് 

പല സമയത്ത് ഉറങ്ങാതെ ഒരു സമയത്ത് തന്നെ ഉറങ്ങി എഴുന്നേല്‍ക്കുന്നത് ശീലമാക്കുക. 7-9 മണിക്കൂര്‍ ഉറങ്ങാം. ഉറക്കത്തില്‍ വരുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ശരീരത്തിന്റെ സിര്‍കാഡിയന്‍ റിഥത്തെ ബാധിയ്ക്കുന്നു. ഇത് ഉപാപചയ പ്രക്രിയയെ ബാധിയ്ക്കുന്നു. ഹോര്‍മോണ്‍ പ്രക്രിയകള്‍ താറുമാറാക്കുന്നു. അവധി ദിവസങ്ങളിലും കൃത്യമായ ഉറക്കശീലം പാലിയ്ക്കുക.

​സ്‌ട്രെസ് കുറയ്ക്കാനുള്ള വഴികള്‍

കിടക്കാന്‍ നേരം സ്‌ട്രെസ് ഉണ്ടെങ്കില്‍ ഇത് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് കാരണമാകുന്നു. തടി കൂട്ടാന്‍ ഇടയാക്കുന്നു. ഉറക്കം തടസപ്പെടുന്നു. കിടക്കാന്‍ നേരം സ്‌ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ നോക്കുക. ഡീപ് ബ്രീത്തിംഗ്, മെഡിറ്റേഷന്‍, ആയാസമില്ലാത്ത യോഗ എന്നിവ ഗുണം നല്‍കും. കിടക്കാന്‍ നേരം ആരെങ്കിലുമായുള്ള വഴക്കുകളും വാക്കുതര്‍ക്കങ്ങളുമെല്ലാം ഒഴിവാക്കുക. മനസിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിയ്ക്കരുത്.

മദ്യം​

നല്ല ഉറക്കം ലഭിയ്ക്കാനായി മദ്യപിച്ച് കിടക്കുന്നവരുണ്ട്. മദ്യം ഉറങ്ങാന്‍ സഹായിക്കുമെന്ന തെറ്റിദ്ധാരണയാണ് ഇതിന് പുറകില്‍. ഇതില്‍ വാസ്തവമില്ല. മദ്യം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങെ മന്ദീഭവിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് മയക്കത്തിന് വഴിയൊരുക്കുന്നു. അല്ലാതെ നാം ഉറങ്ങുകയല്ല ചെയ്യുന്നത്. ശരിയായ ഉറക്കത്തിന് മദ്യം തടസം നില്‍ക്കുന്നു. ഇതുപോലെ കഫീന്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ കഴിയ്ക്കുന്നതും നല്ലതല്ല.

വിശന്ന് കിടക്കുന്നതും ​

കിടക്കാന്‍ നേരം വിശന്ന് കിടക്കുന്നതും കൂടുതല്‍ കഴിച്ചു കിടക്കുന്നതും നല്ല ഉറക്കത്തെ ബാധിയ്ക്കുന്നു. അതായത് ഭക്ഷണം തീരെ ഒഴിവാക്കുകയോ കൂടുതല്‍ കഴിയ്ക്കുകയോ അരുത്. അത്താഴം മിതമായി കഴിയ്ക്കാം. വിശന്ന് കിടക്കുന്നത് ഇടയ്‌ക്കെഴുന്നേറ്റ് കഴിയ്ക്കാനും ഇതല്ലെങ്കില്‍ പിറ്റേന്ന് രാവിലെ അമിതമായി കഴിയ്ക്കാനും ഇടയാക്കുന്നു. ഇതെല്ലാം തടി വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും.

Comments