ക്യാൻസർ കേസുകള്‍ വർദ്ധിച്ചുവരുന്നതിന് പിന്നിലെ ആറ് കാരണങ്ങള്‍.


ക്യാൻസർ ഒരു നിശ്ശബ്ദ കൊലയാളിയായി മാറിയിരിക്കുന്നു. പലപ്പോഴും നേരത്തെ തിരിച്ചറിഞ്ഞാല്‍ ഒരു പരിധി വരെ നമ്മുക്ക് രോഗത്തെ നിയന്ത്രിക്കാം. എന്നാല്‍ പലരും രോഗനിര്‍ണയം നടത്താന്‍ വൈകുന്നുണ്ട്. ഇന്നത്തെ കാലത്ത് ക്യാൻസർ വർദ്ധിച്ചുവരുന്നതിന് പിന്നിലെ കാരണങ്ങളാണ് പലരും അന്വേഷിക്കുന്നത്. അത്തരത്തില്‍ ക്യാൻസർ വർദ്ധിച്ചുവരുന്നതിന് പിന്നിലെ പൊതുവായ ചില കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. ജീവിതശൈലി

ജീവിത ശൈലിയില്‍ വന്ന മാറ്റമാണ്​ പലപ്പോഴും ക്യാൻസർ വരാനുള്ള ഒരു പ്രധാന കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. മോശം ഭക്ഷണശീലം, ഉദാസീനമായ ജീവിതരീതി, വ്യായാമമില്ലായ്മ, സ്ട്രെസ് തുടങ്ങിയവയൊക്കെ ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. 

2. പുകവലി, പുകയിലയുടെ ഉപയോഗം

ക്യാൻസര്‍ സാധ്യത കൂട്ടുന്ന പ്രധാനവും സാധാരണവുമായ കാരണമാണ് പുകവലിയും​ പുകയിലയുടെ ഉപയോഗവും. ലോകവ്യാപകമായി ഇതിനെതിരെ ബോധവത്​കരണം നടക്കുന്നുവെങ്കിലും ഇക്കാരണങ്ങള്‍ കൊണ്ടുള്ള ക്യാൻസർ ബാധയും മരണവും വർധിക്കുകയാണ്​.


3. മദ്യപാനം

അമിത മദ്യപാനം ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കും. പാൻക്രിയാസ്​, ഉദരം, കരള്‍ എന്നിവിടങ്ങളിലെ ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്​ മദ്യപാനം. ദീർഘകാലാടിസ്​ഥാനത്തിൽ മദ്യപാനം കരൾ ക്യാൻസറിനു വഴിവെക്കും. വായ, തൊണ്ട, കുടൽ, മലാശയം എന്നിവിടങ്ങളിലെ ക്യാൻസറിനും മദ്യപാനം കാരണമാകാറുണ്ട്​.

4. അമിതവണ്ണം  

അമിതവണ്ണമുള്ള എല്ലാവരിലും ക്യാന്‍സര്‍ ഉണ്ടാകുമെന്നല്ല. അമിതവണ്ണം പലപ്പോഴും ഇതിന്‍റെ ഘടമാണ്. അമിത വണ്ണത്തിന്‍റെ കാരണം കണ്ടെത്തി പരിഹരിക്കുക.  മികച്ച ശാരീരിക ക്ഷമതയും ആരോഗ്യവും നിലനിർത്തുകയാണ്​ ക്യാൻസറിനെ ചെറുക്കാനുള്ള പോംവഴി. 


5. അമിതമായി വെയിൽകൊള്ളുന്നത്

അമിതമായി വെയിൽ കൊള്ളുന്നത്​ ശരീരത്തിൽ അൾട്രാവയലറ്റ്​ രശ്​മികൾ ഏൽക്കാൻ ഇടയാക്കുകയും ഇത്​ മെലനോമ എന്ന ത്വക്ക്​ ക്യാൻസറിന്​ കാരണമാവുകയും ചെയ്യും. അമിതമായി അൾട്രാവയലറ്റ്​ രശ്​മികൾ ഏൽക്കുന്നത്​ ത്വക്കിലെ ഡിഎൻഎയുടെ നാശത്തിന്​ കാരണമാവുകയും ഇത്​ കോശങ്ങളുടെ അമിതവളർച്ചക്ക്​ കാരണമായി ക്യാന്‍സറിലേക്ക്​ എത്തിക്കുകയുമാണ് ചെയ്യുന്നത്. അതിനാല്‍ വെയിൽകൊള്ളുന്നത് കുറയ്ക്കാന്‍ ശ്രമിക്കുക. 


6. മോശം ഭക്ഷണശീലം 

ചുവന്നതും സംസ്​ക്കരിച്ചതുമായ മാംസത്തിന്‍റെ അമിത ഉപയോഗം ക്യാൻസർ സാധ്യത കൂട്ടും. ശീതികരിച്ചതും മസാലയിട്ടതും ഉപ്പിട്ടതുമായി വിവിധ രീതിയിൽ സൂക്ഷിച്ച മാംസം വാങ്ങി കഴിക്കുന്നത്​ പരമാവധി ഒഴിവാക്കുക. അതുപോലെ ജങ്ക് ഫുഡ്, മധുരം അമിതമായി ഉപ​യോഗിച്ച സോഡ, ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിനായി ഉപയോഗിക്കുക, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം തുടങ്ങിയവയും കുറയ്ക്കുക. പകരം പഴങ്ങളും പച്ചക്കറികളും, ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 


Comments