ആര്‍ത്തവവിരാമം എന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും അത് സ്ത്രീകളെ മാത്രം ബാധിക്കുന്നൊരു കാര്യം എന്നേ ഏവരും ചിന്തിക്കൂ. കാരണം സ്ത്രീകള്‍ക്കാണല്ലോ ആര്‍ത്തവമുള്ളത്. എന്നാല്‍ ആര്‍ത്തവവിരാമം സ്ത്രീകള്‍ക്ക് മാത്രമല്ല- പുരുഷന്മാര്‍ക്കുമുണ്ട്. ഇത് ശരിക്കും ആര്‍ത്തവമോ അതിന്‍റെ വിരാമമോ അല്ലെന്ന് മാത്രം. പക്ഷേ ആരോഗ്യകാര്യങ്ങളിലും അതുമൂലം ജീവിതസാഹചര്യങ്ങളിലും വരുന്ന മാറ്റങ്ങള്‍ ഇതിനെ ആര്‍ത്തവവിരാമം എന്ന് വിളിക്കാൻ തന്നെയാണ് പ്രേരിപ്പിക്കുന്നത്.
എന്താണ് പുരുഷന്മാരിലെ ആര്‍ത്തവവിരാമം?
പുരുഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന 'ടെസ്റ്റോസ്റ്റിറോണി'ന്‍റെ ഉത്പാദനം കുറയുന്ന അവസ്ഥയാണിത്. അമ്പത് കടന്നവരാണ് ഇക്കാര്യം കരുതേണ്ടത്. കാരണം പ്രായം കൂടുമ്പോഴാണ് അതിന്‍റെ ഭാഗമായി 'ടെസ്റ്റോസ്റ്റിറോൺ' ഉത്പാദനം കുറയുന്നത്. 'ആൻഡ്രോപോസ്' അഥവാ 'പുരുഷ രജോനിവൃത്തി' എന്നൊക്കെയാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
മടുപ്പ്, എപ്പോഴും വിരസത, ഉറക്കമില്ലായ്മ, മൂഡ് സ്വിംഗ്സ് തുടങ്ങി പല പ്രശ്നങ്ങളും ഇതുമൂലമുണ്ടാകാം. ഒട്ടും നിസാരമായൊരു അവസ്ഥയേ അല്ലിത്.
ലക്ഷണങ്ങള്‍...
വ്യക്തിയുടെ ശാരീരിക- മാനസികാരോഗ്യത്തെയും അതിന്‍റെ ഭാഗമായി ജീവിതപരിസരങ്ങളെയും ബന്ധങ്ങളെയുമെല്ലാം ഒരുപോലെ ബാധിച്ചേക്കാവുന്നൊരു അവസ്ഥയാണിത്.
ഉന്മേഷമില്ലായ്മ, ലൈംഗിക വിരക്തി, ഡിപ്രഷൻ (വിഷാദം), ഉറക്കമില്ലായ്മ- അല്ലെങ്കില്‍ പതിവായി ഉറക്കം ശരിയാകായ്മ, വണ്ണം കൂടുക- പ്രത്യേകിച്ച് വയര്‍ ചാടുക, പേശികളുടെ ബലവും തൂക്കവും കുറയുക- ഇതുമൂലം കായികമായി ശക്തി കുറയുക, വന്ധ്യത, ഉദ്ധാരണപ്രശ്നങ്ങള്‍, ശ്രദ്ധക്കുറവ്, ആത്മവിശ്വാസക്കുറവ്, സ്തനങ്ങള്‍ വലുതാകുകയോ തൂങ്ങുകയോ ചെയ്യുന്ന അവസ്ഥ, എല്ലുകളുടെ തൂക്കവും ബലവും നഷ്ടപ്പെടല്‍ എന്നിങ്ങനെ പല പ്രശ്നങ്ങളും ഇതുമൂലം നേരിടാം.
ഇവയ്ക്കൊപ്പം തന്നെ ശരീരം എപ്പോഴും ചൂടാവുക, വൃഷണത്തില്‍ വലുപ്പവ്യത്യാസം, ശരീരത്തിലെ രോമങ്ങള്‍ കൊഴിഞ്ഞുപോവുക, എല്ല് തേയ്മാനം പോലുള്ള പ്രശ്നങ്ങളും ബാധിക്കാം.
പരിഹാരവും ചികിത്സയും...
ആരോഗ്യകരമായ ജീവിതപരിസരം ഒരു പരിധി വരെ പുരുഷന്മാരെ 'ആൻഡ്രോപോസ്' സംബന്ധമായ ബുദ്ധിമുട്ടുകളില്‍ നിന്ന് സംരക്ഷിച്ചുനിര്‍ത്തും. നല്ല ഭക്ഷണരീതി, വ്യായാമം, ആരോഗ്യപ്രശ്നങ്ങള്‍ക്കോ അസുഖങ്ങള്‍ക്കോ മതിയായ ചികിത്സ, സ്ട്രെസില്ലാത്ത അന്തരീക്ഷം, മനസിന് സന്തോഷം, ക്രിയാത്മകമായ ജീവിതരീതി, സാമൂഹികബന്ധങ്ങള്‍, വ്യക്തിബന്ധങ്ങള്‍ എന്നിങ്ങനെ പലതും ഈ അവസ്ഥകളെയെല്ലാം സ്വാധീനിക്കുന്നതാണ്.
തെറാപ്പി അടക്കമുള്ള ചികിത്സകളും 'ആൻഡ്രോപോസി'ന് ലഭ്യമാണ്. എന്നാല്‍ ചികിത്സ സംബന്ധമായ കാര്യങ്ങള്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട ശേഷം മാത്രം തീരുമാനിക്കുക.
Comments