സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആരോഗ്യത്തിന് മുകളില്‍ അവര്‍ നേരിടുന്ന ഭീഷണികളിലൊന്നാണ് സ്തനാര്‍ബുദം അല്ലെങ്കില്‍ ബ്രെസ്റ്റ് ക്യാൻസര്‍ സാധ്യത. നമുക്കറിയാം ഇന്ന് ലോകത്തിലായാലും ഇന്ത്യയിലായാലും സ്തനാര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിച്ച് തന്നെ വരികയാണെന്നാണ് റിപ്പോര്‍ട്ടുകളത്രയും ചൂണ്ടിക്കാട്ടുന്നത്.
സ്തനാര്‍ബുദ സാധ്യതകള്‍, ലക്ഷണങ്ങള്‍, ചികിത്സ, പ്രതിരോധം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ കാര്യമായ അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം ബ്രെസ്റ്റ് ക്യാൻസര്‍ അവയര്‍നെസ് മാസമായി ആചരിക്കാറുണ്ട്.
ഈ ഒക്ടോബറിലും സമാനമായി തന്നെ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ബോധവത്കരണം സജീവമായി നടന്നുവരികയാണ്. ഇതിന്‍റെ ഭാഗമായി സ്തനാര്‍ബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണിനി നിങ്ങളുമായി പങ്കുവയ്ക്കാനുള്ളത്.
പ്രായമേറുന്നത്, നേരത്തെ ആര്‍ത്തവം ആകുന്നത്, ആര്‍ത്തവവിരാമം വൈകുന്നത്, പാരമ്പര്യം എന്നിങ്ങനെ പല ഘടകങ്ങള്‍ സ്തനാര്‍ബുദ സാധ്യത സ്ത്രീകളില്‍ വര്‍ധിപ്പിക്കാറുണ്ട്. അതേസമയം ചില കാര്യങ്ങള്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതിലേക്കും നയിക്കും.
മുപ്പത് വയസിന് മുമ്പേ ആദ്യത്തെ കുഞ്ഞ് ജനിക്കലാണ് ഇതിലൊന്ന്. കുഞ്ഞ് ജനിച്ച ശേഷം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും കുഞ്ഞിന് മുലയൂട്ടുന്നതും സ്തനാര്‍ബുദ സാധ്യത കുറയ്ക്കാറുണ്ട്. സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടാണ് മാതൃത്വവും സ്തനാര്‍ബുദവും പരസ്പരം കണ്ണി ചേരുന്നത്.
ആര്‍ത്തവവിരാമത്തിന് ശേഷം ചില സ്ത്രീകള്‍ ഹോര്‍മോണ്‍ റീപ്ലേസ്മെന്‍റ് തെറാപ്പി ചെയ്യാറുണ്ട്. എന്നാലിത് സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
അമിതവണ്ണവും സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂട്ടുന്നു. അതിനാല്‍ പ്രായത്തിനും ഉയരത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച ശരീരഭാരം സൂക്ഷിക്കാൻ സ്ത്രീകള്‍ കരുതലെടുക്കണം. പതിവായ വ്യായാമവും സ്തനാര്‍ബുദ പ്രതിരോധത്തിന് ചെയ്യാവുന്നതാണ്.
ആരോഗ്യകരമായ ഭക്ഷണം (പഴങ്ങളും പച്ചക്കറികളും നല്ലതുപോലെ അടങ്ങിയത്), കാത്സ്യം അടങ്ങിയ ഭക്ഷണം എന്നിവ കഴിക്കുന്നതും പ്രോസസ്ഡ് ഫുഡ്സ് ഒഴിവാക്കുന്നതുമെല്ലാം സ്തനാര്‍ബുദസാധ്യതകളെ കുറയ്ക്കാനുള്ള ഉപാധികളാണ്. ഇത്തരത്തില്‍ ഹെല്‍ത്തിയായ ജീവിതരീതി പിന്തുടരുന്നത് വലിയൊരു പരിധി വരെ സ്തനാര്‍ബുദത്തെ പ്രതിരോധിക്കാം. എന്നാല്‍ രോഗം വരാനുള്ള സാധ്യത പരിപൂര്‍ണമായി ഇല്ലാതാക്കാൻ ഒരു ഘടകങ്ങള്‍ക്കും ആവില്ലെന്ന് മനസിലാക്കുക. രോഗബാധയുണ്ടായാല്‍ സമയബന്ധിതമായി ചികിത്സയെടുക്കുക, ആത്മവിശ്വാസത്തോടെ രോഗത്തെ അതിജീവിക്കുക.
Similar Article:
Comments