വണ്ണം കുറയ്ക്കാന്‍ ഉലുവ ഇങ്ങനെ കഴിക്കൂ; അറിയാം ഗുണങ്ങള്‍..

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉലുവ. ഇരുമ്പിന്‍റെയും മറ്റ് ധാതുക്കളുടെയും നല്ല ഉറവിടമാണിത്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉലുവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഉലുവ  എൽഡിഎല്‍ അഥവാ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

ശരിയായ രീതിയിൽ ഉലുവ കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും ഉലുവ  സഹായിക്കും. ഉലുവയുടെ ഗ്ലൈസമിക് ഇന്‍ഡക്സ് നില കുറവാണ്. കൂടാതെ ഉലുവയിലെ ആന്റിഓക്‌സിഡന്റുകള്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനത്തെ സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു.  നാരുകളാല്‍ സമ്പന്നമാണ് ഉലുവ. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കാനും ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി വണ്ണം കുറയ്ക്കാനും സഹായിക്കും. 

വണ്ണം കുറയ്ക്കാനായി ഉലുവ ഇങ്ങനെ കഴിക്കാം: 

ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത്  വണ്ണം കുറയ്ക്കാനും പ്രമേഹ നിയന്ത്രണത്തിനും സഹായിക്കും. ഉലുവയിട്ട ചായ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Similar Article:  ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി സന്തോഷിക്കാം.

Comments