ആഹാരം കേടാകാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് മിക്കവരും. കേടാകാതിരിക്കാൻ വേണ്ടി മാത്രമല്ല, കളയാൻ വെച്ചിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം മലയാളികൾക്കുണ്ട്. എന്നാൽ എത്ര നേരം വരെ ഇത്തരത്തിൽ ഭക്ഷണം ഫ്രിഡ്ജിൽ വെയ്‌ക്കാം എന്നതിനെപ്പറ്റി പലർക്കും അറിയണം എന്നില്ല. ഫ്രിഡ്ജിൽ ദീർഘനാൾ ഭക്ഷണങ്ങൾ സൂക്ഷിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദർ നിർദ്ദേശിക്കുന്നത്.
പഴകിയതോ വളിച്ചതോ ആയ ഭക്ഷണം ഒരിക്കലും ഫ്രിഡ്ജിൽ വെയ്‌ക്കരുത്. അങ്ങനെയുള്ള ഭക്ഷണം ഉടൻ തന്നെ ഫ്രിഡ്ജിൽ നിന്നും മാറ്റുകയാണ് നാം ചെയ്യേണ്ടത്. ഒരു ഭക്ഷണവും ഏഴ് ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വെച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുക. പല തവണയായി ഭക്ഷണം ചൂടാക്കി കഴിക്കുന്നതും ഒഴിവാക്കുക. നമ്മൾ പുറത്തുവെയ്‌ക്കുന്ന ഭക്ഷണത്തിൽ തന്നെ പെട്ടന്ന് ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടാകും.
ഫ്രിഡ്ജിൽ വെച്ചതുകൊണ്ട് ആ ബാക്ടീരിയ നശിക്കുന്നുമില്ല. ഇങ്ങനെ പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ വെയ്‌ക്കുകയും, ശേഷം എടുത്ത് വീണ്ടും കഴിക്കുകയും ചെയ്യുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുക സ്വാഭാവികം. രണ്ട് ദിവസത്തിൽ കൂടുതൽ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുന്നതാണ് ഏറ്റവും ഉചിതം. ഫ്രിഡ്ജിന്റെ താപനില എപ്പോഴും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഫ്രിഡ്ജിലെ താപനില 40 ഡിഗ്രി ഫാരൻഹീറ്റും ഫ്രീസറിൽ 0 ഡിഗ്രി ഫാരൻഹീറ്റുമായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. വൈദ്യുതി പോകുമെങ്കിൽ ഉറപ്പായും ആഹാരം കേടാകാം.
Comments