കുട്ടികളില്‍ പോഷകങ്ങള്‍ ഉറപ്പിക്കാൻ മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍.

 കുട്ടികളെ ഭക്ഷണം കഴിപ്പിക്കുകയെന്നത് പലപ്പോഴും ശ്രമകരമായ ജോലിയാണ്. മിക്ക കുട്ടികളും അവര്‍ക്ക് ഇഷ്ടപ്പെടുന്ന ചില ഭക്ഷണങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്ന അവസ്ഥയാണുണ്ടാവുക. ഇതില്‍ നിന്ന് മാറി കിട്ടുന്നതെല്ലാം കഴിക്കുന്ന ശീലം വളരെ ചുരുക്കം കുട്ടികളിലേ കാണാനാകൂ.

ഈ ശീലമെല്ലാം കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ തന്നെ ശീലിപ്പിക്കേണ്ടതാണ്. എന്തായാലും കുട്ടികള്‍ അവരുടെ ഇഷ്ടാനുസരണം തെരഞ്ഞെടുത്ത ഭക്ഷണങ്ങള്‍ മാത്രം കഴിക്കുന്നത് തീര്‍ച്ചയായും അവരില്‍ പോഷകാഹാരക്കുറവുണ്ടാക്കും. അതിനാല്‍ തന്നെ കുട്ടികളില്‍ പോഷകങ്ങള്‍ ഉറപ്പിക്കാൻ മാതാപിതാക്കള്‍ നേരത്തെ മുതല്‍ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കുട്ടി നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ കഴിച്ചുതുടങ്ങുന്ന സമയത്ത് തന്നെ ഇക്കാര്യങ്ങളും ശ്രദ്ധിച്ചുതുടങ്ങണം.

ഒന്ന്.

കുട്ടികള്‍ക്ക് എപ്പോഴും ഒരേ ഭക്ഷണങ്ങള്‍  കൊടുത്ത് ശീലിപ്പിക്കരുത്. വിഭവങ്ങള്‍ മാറിമാറിക്കൊടുത്ത് ശീലിപ്പിച്ചാലേ പല പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ അവര്‍ കഴിച്ച് പരിശീലിക്കൂ. മിക്ക മാതാപിതാക്കള്‍ക്കും സംഭവിക്കുന്നൊരു തെറ്റാണിത്. തുടക്കത്തിലേ കുട്ടി ഇഷ്ടത്തോടെ കഴിക്കുന്ന ഭക്ഷണങ്ങള്‍ എന്താണോ അവ തന്നെ എപ്പോഴും നല്‍കാൻ ശ്രമിക്കും. പിന്നീട് ഈ ശീലത്തില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കാൻ പ്രയാസവുമായിരിക്കും.

രണ്ട്.

കുട്ടികള്‍ക്ക് മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ ഭക്ഷണകാര്യത്തിലും മാതാപിതാക്കള്‍ മാതൃകയായിരിക്കണം. നിങ്ങള്‍ നല്ലതെന്ന് പറഞ്ഞ് കഴിക്കുന്നത് കഴിക്കാൻ കുട്ടിയില്‍ സ്വാഭാവികമായ താല്‍പര്യമുണ്ടായിരിക്കും. 

മൂന്ന്.

കുട്ടികളെ പേടിപ്പിച്ചോ ബലം പ്രയോഗിച്ചോ ഭക്ഷണം കഴിപ്പിക്കരുത്. അതിന് പകരം കളിയിലൂടെയും തമാശയിലൂടെയും അവരെ കഴിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. തീരെ സമ്മര്‍ദ്ദമില്ലാതെ വേണം കുട്ടികള്‍ കഴിക്കാൻ.

നാല്.

കുട്ടികള്‍ക്ക് പുതിയ വിഭവങ്ങള്‍ കൊടുത്ത് ശീലിപ്പിക്കുമ്പോള്‍ കഴിവതും ചെറിയ അളവില്‍ കൊടുത്തുതുടങ്ങുക. ആദ്യം തന്നെ കൂടുതല്‍ കൊടുക്കുന്നത് ആ ഭക്ഷണത്തോട് അനിഷ്ടമാകാൻ സാധ്യതയുണ്ടാക്കുന്നു.

അഞ്ച്.

പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട മറ്റ് ഭക്ഷണങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കൊടുക്കുന്നതും ഒരു മാര്‍ഗമാണ്. രുചിയോട് പരിചയിച്ചാല്‍ പിന്നെ അവരുടെ ഭക്ഷണശീലങ്ങളുടെ ഭാഗമായി ആ വിഭവങ്ങളും മാറും. 

ആറ്.

ഭക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികളോട് വളരെ പോസിറ്റീവായും അവര്‍ക്ക് ഭക്ഷണത്തില്‍ താല്‍പര്യം വരും രീതിയിലും സംസാരിക്കാൻ ശ്രമിക്കണം. അതുപോലെ വീട്ടില്‍ ഭക്ഷണങ്ങളുടെ പ്ലാനിംഗിലും അവരെ പങ്കെടുപ്പിക്കാം. നാളെ എന്താണ് ബ്രേക്ക്ഫാസ്റ്റ്- എന്താണ് അവയുടെ ഗുണങ്ങള്‍- മെച്ചം, എന്താണ് ലഞ്ച്- എന്തുകൊണ്ടാണിത് തെരഞ്ഞെടുക്കുന്നത്- സ്നാക്സ് ഏത് വേണം, അത്താഴത്തിന് എന്ത് വയ്ക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പ്ലാൻ ചെയ്യുമ്പോഴെല്ലാം കുട്ടികളോടും പക്വമായി അഭിപ്രായം ചോദിക്കുകയും അവരയും ചര്‍ച്ചയിലുള്‍പ്പെടുത്തുകയും ചെയ്യാം. 

ഏഴ്.

കുട്ടികള്‍ക്ക് മധുരപാനീയങ്ങള്‍ (കടകളില്‍ നിന്ന് വാങ്ങിക്കുന്ന കുപ്പി പാനീയങ്ങള്‍), പ്രോസസ്ഡ് ഫുഡ്സ്- ജങ്ക് ഫുഡ്സ് എന്നിവ അധികം നല്‍കി ശീലിപ്പിക്കാതിരിക്കുക. ഇവയെല്ലാം ശരീരത്തിന് ദോഷവുമാണ്, അതുപോലെ കുട്ടിക്ക് അനാരോഗ്യകരമായ ഭക്ഷണശീലവും ഇതുണ്ടാക്കും.

Comments