നേന്ത്രപ്പഴം കഴിച്ചാല്‍ വണ്ണം കൂടുമോ? ഹെല്‍ത്തിയായി വണ്ണം കൂട്ടാൻ കഴിക്കേണ്ടത്..

 ശരീരവണ്ണം കൂടുന്നത് എപ്പോഴും അനാരോഗ്യകരമായ അവസ്ഥയല്ല. മിക്കവരും- വണ്ണം കൂടുന്നത് തന്നെ മോശമാണെന്ന ധാരണയിലാണ് മുന്നോട്ടുപോകുന്നത്. സൗന്ദര്യവുമായി ബന്ധപ്പെട്ട് ഓരോരുത്തര്‍ക്കുമുള്ള അഭിരുചി അനുസരിച്ച് വണ്ണം കുറയ്ക്കുകയോ കൂട്ടുകയോ എല്ലാം ചെയ്യാം. പക്ഷേ വണ്ണമിത്തിരി കൂടുന്നതോടെ ആരോഗ്യം പോയി എന്ന ചിന്ത വേണ്ട. അതേസമയം അമിതവണ്ണം അനാരോഗ്യകരമാണെന്ന ഓര്‍മ്മയും വേണം. 

തീരെ വണ്ണമില്ലാതിരിക്കുന്നതും ചിലപ്പോള്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം. അതുപോലെ തന്നെ സൗന്ദര്യത്തിന്‍റെ കാര്യത്തിലേക്ക് വന്നാലും ചിലര്‍ക്ക് അല്‍പം കൂടി വണ്ണം വേണമെന്ന ആഗ്രഹമുണ്ടാകാം. അങ്ങനെയെങ്കില്‍ ആരോഗ്യകരമായി വണ്ണം കൂട്ടാൻ എന്ത് ചെയ്യാം? ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തന്നെ കഴിച്ചാല്‍ മതി. ഇത്തരത്തില്‍ കഴിക്കാവുന്ന ചില ഭക്ഷണങ്ങള്‍..

ഒന്ന്.

വൈറ്റ് റൈസ് പതിവായി കഴിച്ചാല്‍ ശരീരഭാരം കൂട്ടാൻ സാധിക്കുന്നതാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന കലോറിയുടെയും കാര്‍ബോഹൈഡ്രേറ്റിന്‍റെയും അളവ് തന്നെ. ഒരു കപ്പ് വൈറ്റ് റൈസ് (വേവിച്ചതില്‍) 204 കലോറിയും 44 ഗ്രാം കാര്‍ബുമാണുള്ളത്. ഇതിനൊപ്പം ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എല്ലാം ഉള്ളതിനാല്‍ ഇതുകൊണ്ട് ഗുണങ്ങളുമുണ്ട്. എന്നാല്‍ ചോറ് അമിതമായാല്‍ വണ്ണവും അതിന് അനുസരിച്ച് കൂടാം. പ്രത്യേകിച്ച് വ്യായാമമില്ലാത്തവര്‍ക്ക്. 

രണ്ട്.

പീനട്ട് ബട്ടര്‍, ആല്‍മണ്ട് ബട്ടര്‍ പോലുള്ള നട്ട് ബട്ടറുകളും ആരോഗ്യകരമായി വണ്ണം കൂട്ടാൻ സഹായിക്കുന്നവയാണ്. ഇവയിലുള്ള ഉയര്‍ന്ന കലോറി തന്നെ വണ്ണം കൂടുന്നതിന് സഹായിക്കുന്നത്. പ്രോട്ടീൻ, വൈറ്റമിനുകള്‍, ആന്‍റി-ഓക്സിഡന്‍റ്സ് തുടങ്ങി പല പോഷകഘടകങ്ങളും നട്ട് ബട്ടറുകളിലുണ്ട്. 

മൂന്ന്.

ഗ്രനോളയും ആരോഗ്യകരമായി വണ്ണം കൂട്ടാൻ സഹായിക്കുന്ന ഭക്ഷണമാണ്. ഗ്രനോള ബാര്‍ പലപ്പോഴും വര്‍ക്കൗട്ടിനോട് അനുബന്ധമായി പലരും കഴിക്കാറുണ്ട്. അതുപോലെ ബ്രേക്ക്ഫാസ്റ്റായും കഴിക്കാറുണ്ട്. ഇതും കലോറിയാല്‍ സമ്പന്നമായ ഭക്ഷണമാണ്. കാരണം ഗ്രനോളയില്‍ ധാന്യങ്ങള്‍, നട്ടസ്, സീഡ്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിങ്ങനെയുള്ള ചേരുവകളാണ് അടങ്ങിയിട്ടുള്ളത്. 

നാല്.

പാലില്‍ തന്നെ ഇന്ന് പല ഓപ്ഷനുകളും നമുക്കുണ്ട്. ടോണ്‍ഡ് മില്‍ക്ക്, സ്കിംഡ് മില്‍ക്ക് എന്നിങ്ങനെയെല്ലാം. പക്ഷേ ഇങ്ങനെ പ്രോസസ് ചെയ്ത് വരുന്ന പാലില്‍ നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെട്ട് പോകാനാണ് സാധ്യത കൂടുതല്‍. അതുകൊണ്ട് കഴിയുന്നതും ഫുള്‍ ഫാറ്റ് മില്‍ക്ക്- അതായത് പ്രോസസ് ചെയ്യാത്ത പാലും പാലുത്പന്നങ്ങളും തന്നെ കഴിക്കുന്നതാണ് ആരോഗ്യകരം. മിതമായ രീതിയില്‍ ഇവ പതിവായി കഴിക്കുന്നതും ഹെല്‍ത്തിയായി വണ്ണം കൂട്ടാൻ സഹായിക്കും. 

അഞ്ച്.

വണ്ണം ഇത്തിരി കൂടി കൂട്ടണം എന്ന് ആരെങ്കിലും പറ‍ഞ്ഞാല്‍ അവരോട് നേന്ത്രപ്പഴം കഴിക്കാൻ നിര്‍ദേശിക്കുന്നവര്‍ ഏറെയാണ്. നേന്ത്രപ്പഴം കഴിച്ചാല്‍ സത്യത്തില്‍ വണ്ണം വയ്ക്കുമോ എന്ന കാര്യം പലര്‍ക്കും അറിയില്ല. നേന്ത്രപ്പഴം പതിവായി കഴിച്ചാല്‍ അത് തീര്‍ച്ചയായും ശരീരഭാരം കൂട്ടുന്നതിന് സഹായിക്കും. ഇതിലുള്ള കലോറിയും കാര്‍ബോഹൈഡ്രേറ്റും തന്നെയാണ് വണ്ണം കൂട്ടാൻ സഹായിക്കുന്നത്. ഫൈബര്‍, പൊട്ടാസ്യം, പ്രോട്ടീൻ എന്നിങ്ങനെ നമുക്ക് അവശ്യം വേണ്ടുന്ന പല ഘടകങ്ങളുടെയും സ്രോതസ് കൂടിയാണ് നേന്ത്രപ്പഴം.

Comments