പഞ്ചസാര-ചേർത്ത പാനീയങ്ങൾ കഴിക്കുന്നതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങൾ എല്ലാവർക്കും അറിയാം. എന്നിരുന്നാലും, ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനം സൂചിപ്പിക്കുന്നത് – സോഡ/സോഫ്റ്റ് ഡ്രിങ്ക്സ്, പഞ്ചസാര ചേർത്ത ജ്യൂസ്, സ്പോർട്സ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, മധുരമുള്ള പാൽ, മധുരമുള്ള ചായ/കാപ്പി എന്നിവയുൾപ്പെടെയുള്ള ഈ പാനീയങ്ങളും പുരുഷന്മാരുടെ മുടികൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഇത് പാറ്റേൺ മുടി കൊഴിച്ചിലിന് കാരണമാകുന്നു.
ബീജിംഗിലെ സിംഗ്വാ സർവകലാശാലയിലെ ഗവേഷകർ ചൈനയിൽ നടത്തിയ പഠനത്തിൽ, 13-29 വയസ് പ്രായമുള്ളവരിലാണ് പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ (എസ്എസ്ബി) ഏറ്റവും കൂടുതൽ ഉപഭോഗം കാണപ്പെടുന്നത്. “ചേർക്കുന്ന പഞ്ചസാര പുരുഷന്മാരുടെ പാറ്റേൺ മുടി കൊഴിച്ചിലിനുള്ള അപകടസാധ്യത വർധിപ്പിക്കുന്നു,” ഗവേഷണം പ്രസ്താവിച്ചു.
2022 ജനുവരി മുതൽ ഏപ്രിൽ വരെ 18-45 വയസ്സിനിടയിലുള്ള 1,028ലധികം ചൈനീസ് പുരുഷന്മാരെ ഗവേഷകർ നിരീക്ഷിച്ചു. ഇവരുടെ ജീവിതശൈലി ശീലങ്ങളും മുടികൊഴിച്ചിലും താരതമ്യം ചെയ്തു. ഇവരിൽ, ഒരു പഞ്ചസാര പാനീയമെങ്കിലും കഴിക്കുന്ന ശീലമുള്ള 30 ശതമാനം പുരുഷന്മാരിലും മുടികൊഴിച്ചിൽ പ്രശ്നങ്ങൾ സാധാരണമാണെന്ന് അവർ കണ്ടെത്തി.
18-45 വയസ് പ്രായമുള്ള ചൈനീസ് യുവാക്കളിൽ ഞങ്ങൾ ഉയർന്ന എസ്എസ്ബി ഉപഭോഗം കണ്ടു. കൂടാതെ എസ്എസ്ബി അമിതമായി ഉപയോഗിക്കുന്നവർ മുടികൊഴിച്ചിൽ സാധ്യത കൂടുതലാണെന്ന് അവർ കണ്ടെത്തി.
പഞ്ചസാര-മധുരമുള്ള പാനീയങ്ങളും പുരുഷന്മാരിലെ മുടികൊഴിച്ചിലും തമ്മിലുള്ള ബന്ധം അധിക പഠനങ്ങളിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഇവ രണ്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള എപ്പിഡെമിയോളജിക്കൽ പഠനങ്ങൾ ഇപ്പോഴും അപര്യാപ്തമാണെന്നും അവർ കൂട്ടിച്ചേർത്തു.
മധുരമുള്ള പാനീയങ്ങളും പുരുഷന്മാരിലെ മുടികൊഴിച്ചിലും തമ്മിലുള്ള ബന്ധം പൂർണ്ണമായും വ്യക്തമല്ലെന്ന് ബെംഗ്ലൂരിലെ ബന്നാർഘട്ട റോഡിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജി ഡോ. സുധീന്ദ്ര ജി ഉദ്ബാൽക്കർ പറഞ്ഞു. “ഈ പാനീയങ്ങളിൽ ഉയർന്ന പഞ്ചസാരയുടെ അംശം ഉണ്ടാകുമെന്നാണ് കരുതുന്നത്. ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ഇവ സ്വാധീനിക്കുകയും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യുന്നു.”
മുടികൊഴിച്ചിൽ തടയാൻ, വിറ്റാമിൻ സി, ഇരുമ്പ്, സിങ്ക് എന്നിവയുൾപ്പെടെ ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തേണ്ടത് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കൂടാതെ, നിങ്ങളുടെ പഞ്ചസാരയും ഇത്തരം പാനീയങ്ങളും കഴിക്കുന്നത് പരിമിതപ്പെടുത്തുന്നത് മുടി കൊഴിച്ചിലിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, ലീൻ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ആരോഗ്യമുള്ള മുടി നിലനിർത്താൻ സഹായിക്കും,” ഡോ. സുധീന്ദ്ര പറഞ്ഞു.
മുടികൊഴിച്ചിൽ പ്രശ്നങ്ങളുള്ള ആളുകൾ മെഡിക്കൽ, ഡയറ്ററി ഹിസ്റ്ററികൾക്കായി സ്ക്രീൻ ചെയ്യണം. കൂടാതെ പോഷകാഹാരക്കുറവുമായി ബന്ധപ്പെട്ട അപകട ഘടകങ്ങൾ പരിശോധിക്കാൻ ശാരീരിക പരിശോധനയ്ക്ക് വിധേയരാകണം, കല്യാണിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ സിഡിഇ ക്ലിനിക്കൽ ഡയറ്റീഷ്യൻ സുമയ്യ എ പറഞ്ഞു.
“ടൈപ്പ് 2 ഡയബറ്റിസ് തലയുടെ ക്രൗൺ ഏരിയ്ക്ക് ചുറ്റുമുള്ള മുടി കൊഴിയാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും, ഇത് രോമകൂപങ്ങളെ നശിപ്പിക്കുകയും മുടികൊഴിച്ചിൽ ത്വരിതപ്പെടുത്തുകയും ചെയ്യും, ”വിദഗ്ധർ പറഞ്ഞു
Comments