അരവണ്ണം കൂടുതലുള്ളവര്‍ക്ക് പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യതയെന്ന് പുതിയ പഠനം | A new study suggests that overweight people are more likely to develop diabetes and heart disease

 ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം വളരുന്നതിന്റെയും ലക്ഷണമാണ് അടിവയറ്റിലെ കൊഴുപ്പ്.  ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്ന  കെമിക്കലായ അഡിപ്പോനെക്റ്റിന്റെ തോത് അടിവയറ്റിൽ കൊഴുപ്പ് അടിയുന്നത് മൂലം കുറഞ്ഞു കൊണ്ടിരിക്കും.

അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം. അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യകരമായ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കുമെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സമാനമായ പുതിയ ഒരു പഠന റിപ്പോര്‍ട്ടാണ്  പുറത്തുവരുന്നത്. അരവണ്ണം കൂടുതലുള്ളവര്‍ക്ക് പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യതയെന്നാണ് പുതിയ പഠനവും പറയുന്നത്.പുരുഷന്മാരിൽ 90 സെന്റിമീറ്ററും സ്ത്രീകളില്‍ 80 സെന്റിമീറ്ററുമാണ് പരമാവധി ആകാവുന്ന അരവണ്ണം എന്നാണ് ഇന്ദ്രപ്സഥ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൽറ്റന്റും ഡയബറ്റോളജിസ്റ്റുമായ ഡോ. സുഭാഷ് കുമാർ വാഗ്നൂ പറയുന്നത്. ഇതിന് മുകളിലേക്കുള്ള അരയുടെ വണ്ണം ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം പോലെയുള്ള  ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂട്ടുമെന്ന് അദ്ദേഹം പറയുന്നു.

ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം വളരുന്നതിന്റെയും ലക്ഷണമാണ് അടിവയറ്റിലെ കൊഴുപ്പ്.  ഇൻസുലിൻ സംവേദനത്വം മെച്ചപ്പെടുത്തുകയും പ്രമേഹം നിയന്ത്രിക്കുകയും ചെയ്യുന്ന  കെമിക്കലായ അഡിപ്പോനെക്റ്റിന്റെ തോത് അടിവയറ്റിൽ കൊഴുപ്പ് അടിയുന്നത് മൂലം കുറഞ്ഞു കൊണ്ടിരിക്കും. അടിവയറ്റിലെ കൊഴുപ്പ് ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ തോത് ഉയരാനും കാരണമാകും. ഇത് ഹൃദ്രോഗ സാധ്യതയെ കൂട്ടുമെന്നും ഡോ. സുഭാഷ് കുമാർ വാഗ്നൂ പറയുന്നു.

അടിവയർ ഒതുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

1. വ്യായാമം പതിവാക്കുക. കുറഞ്ഞത് അര മണിക്കൂറെങ്കിലും ദിവസവും വ്യായാമം ചെയ്യുന്നത് വയറിന് ചുറ്റുമുള്ള കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സാധിക്കും.

2. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. അതുപോലെ തന്നെ,  ജങ്ക് ഫുഡും പ്രൊസസ്ഡ് ഭക്ഷണങ്ങളും ഒഴിവാക്കാം.

3. കലോറിയും കാര്‍ബോഹൈഡ്രേറ്റും വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒപ്പം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം.

4. പഞ്ചസാരയുടെ അമിത ഉപയോഗവും കുറയ്ക്കുക. ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും.

5. സ്ട്രെസ് നിയന്ത്രിക്കുന്നതും അമിത വിശപ്പ് തടയാന്‍ സഹായിക്കും. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം.

6. ഉറക്കക്കുറവ് വിശപ്പ് വര്‍ധിപ്പിക്കാന്‍ കാരണമാകും. അതിനാല്‍ ദിവസവും രാത്രി കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക.

Comments