തണുപ്പുകാലത്തെ ചുമയും ജലദോഷവും മറികടക്കുന്നതിന് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം


തണുപ്പുകാലത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് നമ്മുടെ നാട്. കാലാവസ്ഥയിൽ കാതലായ മാറ്റങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കാലാവസ്ഥയിലെ ഈ മാറ്റം നമ്മുടെ ശരീരത്തിലും മാറ്റങ്ങൾക്ക് കാരണമാകും. രാവിലെ തണുപ്പും പകൽസമയങ്ങളിൽ വരണ്ട കാലാവസ്ഥയുമായിരിക്കും ഉണ്ടായിരിക്കുക. ചുമ, ജലദോഷം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പതിയെ പ്രത്യക്ഷപ്പെട്ട് തുടങ്ങും. തണുപ്പുകാലത്തെ ചുമയും ജലദോഷവും മറികടക്കുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടുത്തുകയാണ്.

സിട്രസ് പഴങ്ങൾ

നാരങ്ങയുടെ കുടുംബത്തിൽപ്പെട്ട പഴങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തണമെന്ന്  പറയുന്നു. നാരങ്ങ, ഓറഞ്ച്, മുസംബി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇടവേളകളിൽ സ്നാക്സ് ആയിട്ട് ഇവ കഴിക്കാം. വിറ്റാമിൻ സിയാൽ സമ്പന്നമാണ് ഇവ. കൂടാതെ ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മികച്ച ഉപാധിയാണ് ഈ പഴങ്ങൾ.

ഇഞ്ചി വെള്ളം

മികച്ച ആന്റിബയോട്ടിക്കായ ഇഞ്ചിക്ക് ബാക്ടീരിയ ഉൾപ്പടെയുള്ള സൂക്ഷ്മാണുക്കളെ നശിപ്പിക്കാനുള്ള കഴിവ് കൂടിയുണ്ട്. ഇഞ്ചി ചേർത്തുള്ള ചായ കുടിക്കുന്നത് തൊണ്ടയിലെ കരകരുപ്പ് കുറയ്ക്കും. ഇതിന് പുറമെ ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം ഇടവിട്ട് കുടിക്കുന്നത് ജലദോഷം, ചുമ എന്നിവ ശമിപ്പിക്കും.

വെളുത്തുള്ളി സൂപ്പ്

ചെറുചൂടുള്ള സൂപ്പ് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം പ്രദാനം ചെയ്യും. തണുപ്പുകാലത്ത് സൂപ്പ് തയ്യാറാക്കുമ്പോൾ അവയ്ക്കൊപ്പം ധാരാളം വെളുത്തുള്ളി ചേർക്കാൻ ശ്രദ്ധിക്കാം. ആവശ്യമെങ്കിൽ ഇഞ്ചിയും ഒപ്പം ചേർക്കാം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും സൂക്ഷ്മാണുക്കൾക്കെതിരേ പ്രവർത്തിക്കുന്നതിനും വെളുത്തുള്ളി ഉത്തമമാണ്.


മഞ്ഞൾ ചേർത്ത പാൽ

ഏറെ ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് മഞ്ഞൾ ചേർത്ത പാൽ. സൂക്ഷ്മജീവികൾക്കെതിരേ പ്രവർത്തിക്കാനുള്ള മഞ്ഞളിന്റെ കഴിവ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ചെറുചൂടുള്ള പാലിൽ സ്വൽപം മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുന്ന കാലാവസ്ഥാമാറ്റം കൊണ്ടുള്ള ചുമ, കഫക്കെട്ട്, ജലദോഷം എന്നിവയിൽനിന്ന് മോചനം നൽകും

ശ്രദ്ധിക്കുക: ആഹാരക്രമത്തിൽ മാറ്റം വരുത്തുമ്പോൾ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടുക.


Comments

Anonymous said…
👍