മഞ്ഞപ്പല്ലും മഞ്ഞക്കറയും; കാരണങ്ങൾ ഇതെല്ലാം; പരിഹാരം വീട്ടിൽ തന്നെ!!

നിരവധി പേർ നേരിടുന്ന പ്രശ്‌നമാണ് പല്ലിന്റെ നിറം മാറുന്നുവെന്നത്. വെളുത്ത് സുന്ദരമായിരുന്ന പല്ലുകൾ മഞ്ഞ നിറത്തിലാകുന്നത് പലരുടെയും ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്. പല്ലിൽ മഞ്ഞക്കറയും കറുത്ത പാടുകളുമൊക്കെ വരുന്നത് സ്വാഭാവിക സൗന്ദര്യത്തെ ബാധിക്കുന്നു. എന്തെല്ലാം കാരണത്താലാണ് പല്ലുകളുടെ നിറം മാറുന്നതെന്നും അതിന് പ്രതിവിധിയെന്താണെന്നും നോക്കാം..

ചില ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ പല്ലിന്റെ നിറം മാറാം. കോഫീ, ചായ, കോള, വൈൻ എന്നീ പാനീയങ്ങളും ആപ്പിൾ, ഉരുളക്കിഴങ്ങ് എന്നിങ്ങനെയുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് പല്ലിന്റെ നിറം മാറുന്നതിന് കാരണമായേക്കും. പുകവലിക്കുന്നതും മുറുക്കാൻ ചവയ്‌ക്കുന്നതും പല്ലിന്റെ നിറവ്യത്യാസത്തിലേക്ക് നയിക്കും. പല്ലിന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ കടുത്ത മഞ്ഞ നിറം പ്രകടമാക്കാറുണ്ട്. കീമോതെറാപ്പിയും റേഡിയേഷനും ചെയ്യേണ്ടി വരുന്നവരുടെയും പല്ലിന്റെ നിറം മാറും. അലോപ്പതിയിൽ നിർദേശിക്കുന്ന ചില മരുന്നുകൾ കഴിക്കുമ്പോഴും പല്ലിന്റെ വെളുത്ത നിറം നഷ്ടപ്പെട്ടേക്കാം. പ്രായം കൂടും തോറും പല്ലിന്റെ ഇനാമൽ കുറഞ്ഞുവരുന്നതിനാൽ മഞ്ഞ നിറമായി മാറുന്നതും പതിവാണ്.

പ്രതിവിധികൾ:

രണ്ട് നേരം ബ്രഷ് ചെയ്യുന്നതും ആഹാരം കഴിച്ചതിന് ശേഷം വായ വൃത്തിയായി കഴുകുന്നതും പല്ലിന്റെ നിറത്തെ കാത്തുസൂക്ഷിക്കാൻ സഹായിക്കും. ഭക്ഷണ പാനീയങ്ങൾ കുടിച്ചതിന് ശേഷവും വായ കഴുകാൻ ശ്രദ്ധിക്കണം.

ബേക്കിംഗ് സോഡയും ഹൈഡ്രജൻ പെറോക്‌സൈഡും കലർത്തിയ മിശ്രിതം പല്ലിൽ പുരട്ടുന്നത് മഞ്ഞക്കറ കളയാൻ സഹായിക്കും. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയിൽ രണ്ട് ടേബിൾ സ്പൂൺ ഹൈഡ്രജൻ പെറോക്‌സൈഡ് മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ബ്രഷ് ചെയ്യുക. ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം.

വെളിച്ചെണ്ണ അൽപമെടുത്ത് വായിൽ പിടിക്കുന്നത് പല്ലിലെ ബാക്ടീരിയകളെ നീക്കം ചെയ്യാനും കറകൾ മാറ്റാനും സഹായിക്കും. വായിൽ വെളിച്ചെണ്ണ പിടിക്കുമ്പോൾ അവ തൊണ്ടയിൽ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പത്ത് മിനിറ്റ് വരെ വെളിച്ചെണ്ണ വായിൽ പിടിക്കാം. ശേഷം തുപ്പിക്കളഞ്ഞ്, വായ കഴുകി, ബ്രഷ് ചെയ്യാവുന്നതാണ്.


ആപ്പിൾ സിഡർ വിനഗർ കൊണ്ട് മൗത്ത് വാഷ് തയ്യാറാക്കി ഉപയോഗിക്കുന്നതും പല്ലിന് നിറം വയ്‌ക്കാൻ സഹായിക്കും. ആറ് ഔൺസ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗർ ചേർക്കുക. ഈ മിശ്രിതം 30 സെക്കൻഡ് വായിൽ പിടിച്ച് തുപ്പിക്കളയുക. പിന്നീട് ബ്രഷ് ചെയ്യാവുന്നതാണ്.

ചെറുനാരങ്ങ, ഓറഞ്ച്, നേന്ത്രപ്പഴം എന്നിവയുടെ തൊലി ഉപയോഗിച്ച് പല്ലിൽ ഉരയ്‌ക്കുന്നത് പല്ലിലെ കറയ കളയാൻ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. പല്ല് ആരോഗ്യത്തോടെയിരിക്കാൻ വെള്ളം ധാരാളമായി അടങ്ങിയിരിക്കുന്ന പഴവർഗങ്ങൾ കഴിക്കാവുന്നതാണ്.

Comments