ദിവസവും ഓരോ നേന്ത്രപ്പഴം കഴിക്കാം; ചെറുക്കാം ഈ ആരോഗ്യപ്രശ്‌നങ്ങളെ.

 

നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം മലയാളികളുടെ പ്രിയ ഭക്ഷണമാണ്. ഇത് പല രീതിയിലും ഭക്ഷണത്തില്‍ നാം ഉള്‍പ്പെടുത്താറുണ്ട്. പഴുത്തും പുഴുങ്ങിയും നെയ് ചേര്‍ത്ത് വേവിച്ചും പഴം നുറുക്കാക്കിയും പച്ച കായയെങ്കില്‍ തോരനും ഉപ്പേരിയുമുണ്ടാക്കിയുമെല്ലാം നാം ഇത് ഉപയോഗിയ്ക്കുന്നു ഇത് ആരോഗ്യത്തിന് മികച്ച ഫലമാണെന്നു തന്നെ പറയാം. തികച്ചം നാടന്‍ ഫലത്തിന്റെ കൂട്ടത്തില്‍ പെട്ട ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല. ഇതിനാല്‍ തന്നെയാണ് ഇതിനെ മാജിക് ഫ്രൂട്ട് എന്നു വിളിയ്ക്കുന്നതും. ഇത് നല്ലതു പോലെ പഴുത്തും ഇടത്തരം പഴുപ്പായുമെല്ലാം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരുണ്ട്. സ്വാദു നോക്കിയാണ് നാം ഇതേ രീതിയില്‍ കഴിയ്ക്കുന്നതെങ്കിലും ഇത്തരം പഴം തരുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പലതാണ്.

ശരീരത്തിന് ആവശ്യമായ എല്ലാ മിനറലുകളും അടങ്ങിയ ഒന്നാണിത്. എറെ ഊര്‍ജം ശരീരത്തിന് നല്‍കുന്ന ഇത് പ്രോട്ടീനുകള്‍, കാല്‍സ്യം, വൈറ്റമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. നേന്ത്രപ്പഴം കഴിയ്ക്കുന്ന രീതിയും പ്രധാനമാണ്. പല തരത്തിലെ ആരോഗ്യ പ്രശ്‌നങ്ങളെങ്കില്‍ ഇത് കഴിയ്ക്കുന്നത് പല തരത്തിലാകണം. ഉദാഹരണത്തിന് ഇത് നല്ലതു പോലെ പഴുത്തു കഴിയ്ക്കുന്നതാണ് ദഹന പ്രശ്‌നങ്ങള്‍ക്ക് നല്ലത്. ഇതു പോലെ ദഹിയ്ക്കാന്‍ പ്രയാസമുള്ളവരും കുട്ടികളുമെല്ലാം ഇത് പുഴുങ്ങിക്കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ദഹനം എളുപ്പമാക്കുന്നു. പുഴുങ്ങിയ പഴം നല്ലൊന്നാന്തരം കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ്. വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ എന്നിവയാല്‍ സമ്പുഷ്ടമാണ്. എന്നാല്‍ പഴം പുഴുങ്ങുമ്പോള്‍ ഇതിലെ വൈറ്റമിന്‍ സി അളവു കുറയുകയാണ് ചെയ്യുന്നത്.


നാം മൂഡോഫ് ആയിരിയ്ക്കുമ്പോള്‍ നല്ലതു പോലെ പഴുത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്. ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന വസ്തു നല്ല മൂഡുണ്ടാക്കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഏറെ നല്ലതാണ്. ട്രിപ്‌റ്റോഫാന്‍ രക്തക്കുഴലുകള്‍ വികസിയ്ക്കുന്നതു തടഞ്ഞ് ബിപിയെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു. ഇതു വഴി ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. സ്‌ട്രോക്ക്, അറ്റാക് സാധ്യതകള്‍ കുറയ്ക്കുന്നു. പഠിയ്ക്കുന്ന കുട്ടികള്‍ക്ക് നല്ലതു പോലെ പഴുത്ത ഏത്തപ്പഴം നല്‍കുന്നത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു.


ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴം

ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴം നാരുകള്‍ കൂടുതല്‍ അടങ്ങിയതാണ്. പ്രമേഹ രോഗികള്‍ക്ക് ഇത്തരം ഏത്തപ്പഴമാണ് നല്ലത്. കാരണം ഇത് രക്തത്തിലേയ്ക്ക് ഗ്ലൂക്കോസ് മെല്ലെ മാത്രമേ വിടുന്നുള്ളൂ. ഇതിനാല്‍ തന്നെ പെട്ടെന്ന് ഷുഗര്‍ വര്‍ദ്ധിയ്ക്കുന്നില്ല. ഇതില്‍ റെസിസ്റ്റന്‍സ് സ്റ്റാര്‍ച്ചിന്റെ രൂപത്തിലാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുള്ളത്. ഇതു കൊണ്ടു തന്നെ പ്രമേഹ രോഗത്തിന് ഭീഷണിയല്ല. എന്നാല്‍ അധികം പഴുക്കാത്ത പഴത്തിന്റെ ദഹനം ചെറുകുടലിലും വന്‍കുടലിലും നടക്കുന്നു.ഇതില്‍ ഫൈബറുകളും ധാരാളമുണ്ട്. ഇതിനാല്‍ തന്നെ ഇത് നല്ല ശോധനയ്ക്കും ദഹനത്തിനും സഹായിക്കുന്നു.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് അധികം പാകമാകാത്ത, ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴമാണ് നല്ലത്. ഇതില്‍ വൈറ്റമിന്‍ ബി6 ധാരാളമുണ്ട്. ടൈപ്പ് 2 പ്രമേഹം വരുന്നത് തടയാന്‍ ഇതേറെ നല്ലതാണ്. ഇതു പോലെ പച്ച ഏത്തയ്ക്കായും ചെറുപയറും പുഴുങ്ങി പ്രാതലിന് കഴിയ്ക്കുന്നതും പ്രമേഹത്തിന് നല്ല മരുന്നാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് മാത്രമല്ല, ആര്‍ക്കും കഴിയ്ക്കാവുന്ന മികച്ച പ്രാതലാണ്. ഇത് ധാരാളം ഊര്‍ജം നല്‍കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. തടി കുറയ്ക്കാനും പെട്ടെന്ന് വിശപ്പു തോന്നാതിരിയ്ക്കാനും ഇത് നല്ലതാണ്. ക്ഷീണമകറ്റാനും ഉത്തമം

പുഴുങ്ങിയ പഴത്തിൽ

പുഴുങ്ങിയ പഴത്തില്‍ നെയ്യു ചേര്‍ത്തു കുട്ടികള്‍ക്കു നല്‍കുന്നത് നല്ല ശോധനയ്ക്കും തൂക്കം കൂടാനും അനീമിയ തടയാനുമെല്ലാം നല്ലതാണ്. വിശപ്പു കൂട്ടാനും ഏത്തപ്പഴം നെയ്യു ചേര്‍ത്തു കഴിയ്ക്കുന്നതു നല്ലതാണ്. പുഴുങ്ങിയ പഴം വൈറ്റമിന്‍ ബി 6, വൈറ്റമിന്‍ എ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഇതുപോലെ ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും എളുപ്പം ദഹിയ്ക്കാന്‍ ഇതു സഹായിക്കും. തീരെ ചെറിയ കുട്ടികള്‍ക്ക് നല്‍കുമ്പോള്‍ ഇത് വേവിച്ചുടച്ച് ഇതിലെ നടുവിലെ നീണ്ട കറുത്ത നാര് പോലത്തെ ഭാഗം നീക്കി നല്‍കാം. ഇത് ദഹനത്തിന് സഹായിക്കും.

കറുത്ത തൊലിയോടെയുള്ള നേന്ത്രപ്പഴം

കറുത്ത തൊലിയോടെയുള്ള ഏത്തപ്പഴം ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ഇത് കേടായതെന്നു കരുതി കളയേണ്ടതില്ലെന്നര്‍ത്ഥം. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. സാധാരണ ഏത്തപ്പഴത്തേക്കാള്‍ എട്ടിരട്ടി രോഗപ്രതിരോധ ശേഷി ഈ ഏത്തപ്പഴത്തിനുണ്ടെന്നതാണ് വാസ്തവം. കറുത്ത തോലുളളതും കുത്തുകളുളളതുമായ ഏത്തപ്പഴം ഈ ഗുണങ്ങള്‍ നല്‍കുന്നതാണെന്നു ചുരുക്കം. എന്നാല്‍ ഏത്തക്കായ ഉപ്പേരിയാക്കി വറുത്തു കഴിയ്ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ എല്ലാ ഗുണങ്ങളും നഷ്ടപ്പെടുന്നു. ഇത് ആരോഗ്യത്തിന് ദോഷകരവുമാണ്

Comments