Sexual Dysfunction: സ്ത്രീകളില്‍ ലൈംഗികക്ഷമതക്കുറവിന് കാരണങ്ങൾ

 സ്ത്രീകളില്‍ ലൈംഗികക്ഷമതക്കുറവിന് ചില പ്രത്യേക കാരണങ്ങളുണ്ട്. ഇത്തരത്തില്‍ ചിലതിനെ കുറിച്ചറിയൂ. പരിഹാരവും.


സെക്ഷ്വല്‍ ഡിസ്ഫംഗ്ഷന്‍ എന്ന വാക്ക് പൊതുവേ ഉപയോഗിയ്ക്കപ്പെടുന്നത് പുരുഷന്മാരുടെ കാര്യത്തിലാകും. എന്നാല്‍ ഇത് സ്ത്രീകളുടെ കാര്യത്തിലും ഉണ്ടാകുന്ന ഒന്നാണ്. പുരുഷന്റെ കാര്യത്തില്‍ ഉദ്ധാരണ, സ്ഖലന പ്രശ്‌നങ്ങളെല്ലാം തന്നെ ഇതില്‍ പെടുന്നു. സ്ത്രീയുടെ കാര്യത്തില്‍ ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങള്‍ വരുന്നു. ഏത് പ്രായത്തിലെ സ്ത്രീകളിലും സെക്‌സ് സമയത്തുണ്ടാകാവുന്ന ഒന്നാണ് സെക്ഷ്വല്‍ ഡിസ്ഫംഗ്ഷന്‍ (sexual dysfunction)അതായത് ലൈംഗിക പ്രശ്‌നം എന്നത്.



ശാരീരികമായ ചില കാരണങ്ങള്‍


ശാരീരികമായ ചില കാരണങ്ങള്‍ സ്ത്രീകളില്‍ ഇത്തരം പ്രശ്‌നമുണ്ടാക്കാം. ഉദാഹരണമായി പ്രമേഹം, കിഡ്‌നി പ്രശ്‌നം, ക്യാന്‍സര്‍, യൂറിനറി ബ്ലാഡര്‍ പ്രശ്‌നം എന്നിവയെല്ലാം തന്നെ ഇതിന് കാരണമാകാം. ആന്റി ഡിപ്രസന്റുകള്‍, ബ്ലഡ് പ്രഷര്‍ മരുന്നുകള്‍, ആന്റി ഹിസ്റ്റമൈനുകള്‍, കീമോതെറാപ്പി മരുന്നുകള്‍ എന്നിവയെല്ലാം തന്നെ സ്ത്രീകളില്‍ സെക്‌സ് താല്‍പര്യങ്ങളെ കുറയ്ക്കാം. ഓര്‍ഗാസം അഥവാ രതിമൂര്‍ഛ വരാതെയിരിയ്ക്കാം. ഇതെല്ലാം ലൈംഗിക ജീവിതത്തില്‍ താളപ്പിഴകള്‍ സൃഷ്ടിയ്ക്കാം.

ഹോര്‍മോണ്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് മറ്റൊരു കാരണമാകുന്നത്. മെനോപോസ് സമയത്ത് സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നത് ലൈംഗിക താല്‍പര്യം കുറയ്ക്കുന്നു, വജൈനല്‍ സ്രവം കുറയുന്നതിനാല്‍ സെക്‌സ് വേദനിപ്പിയ്ക്കുന്നു, ഓര്‍ഗാസ സാധ്യത കുറയ്ക്കുന്നു. വജൈനല്‍ ലൈനിംഗ് കട്ടി കുറഞ്ഞതാകുന്നു. ഇലാസ്റ്റിസിറ്റി കുറയുന്നു. ഇതെല്ലാം ലൈംഗിക ബന്ധം വേദനാജനകമാക്കുന്നു. ഇതല്ലാതെ പ്രസവശേഷവും കുഞ്ഞിനെ മുലയൂട്ടുന്ന കാലത്തുമെല്ലാം ഹോര്‍മോണ്‍ തോത് കുറയുന്നതും ഇത്തരം സെക്‌സ് പ്രശ്‌നങ്ങളിലേയ്ക്ക് വഴി തെളിയ്ക്കുന്നു.

സൈക്കോളജിക്കല്‍ പ്രശ്‌നങ്ങളും


സൈക്കോളജിക്കല്‍ പ്രശ്‌നങ്ങളും സ്ത്രീകളില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഉത്കണ്ഠ, ഡിപ്രഷന്‍ എന്നിവ സ്ത്രീകളില്‍ ഇത്തരം പ്രശ്‌നമുണ്ടാകാനുള്ള പ്രധാനപ്പെട്ട കാരണമായി കണക്കാക്കപ്പെടുന്നു. ഗര്‍ഭകാലത്തും പ്രസവ ശേഷവുമെല്ലാം തന്നെ ഇത്തരം മാനസിക പ്രശ്‌നങ്ങളുണ്ടാകാം. ഇതല്ലാതെ പങ്കാളിയുമായുള്ള വഴക്കും മാനസിക പൊരുത്തമില്ലായ്മയുമെല്ലാം തന്നെ ഇത്തരം സെക്ഷ്വല്‍ ഡിസ്ഫംഗ്ഷന് കാരണമാകുന്നു. ചില സ്ത്രീകള്‍ക്ക് സെക്‌സ് വേദനിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിന് ശാരീരിക, മാനസിക കാരണങ്ങളുണ്ടാകും. ഇത് ഇത്തരം പ്രശ്‌നത്തിലേയ്ക്ക് വഴി വയ്ക്കുന്നു.


ചികിത്സാ വഴികള്‍​

വ്യക്തമായ കാരണം അറിയില്ലെങ്കില്‍, ഇതല്ലെങ്കില്‍ ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഹോര്‍മോണ്‍ തെറാപ്പി പോലുളള ചികിത്സാ വഴികള്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് സഹായകമായി കണ്ടു വരുന്നു. മാനസികമായ പ്രശ്‌നങ്ങള്‍ക്കും മെഡിക്കല്‍ സഹായം തേടാം. സൈക്കോളജിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇത്തരം സഹായങ്ങള്‍ ഏറെ ഗുണം നല്‍കും. ഇക്കാര്യത്തില്‍ പങ്കാളികള്‍ തമ്മില്‍ പരസ്പര ധാരണയും സപ്പോര്‍ട്ടും അത്യാവശ്യമാണ്.


Comments