പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് നല്ലതാണ്,
ശരീര ഭാരം കുറക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. പല പല ഡയറ്റുകളും വ്യായാമങ്ങളും ഇതിനായി ചെയ്യാനും മടി കാണിക്കാറില്ല. ഭക്ഷണത്തിൽ എന്തുകഴിക്കണമെന്ന് തീരുമാനിക്കുന്നത് പോലെ എപ്പോൾ കഴിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണെന്നാണ് പോഷാകാഹാരവിദഗ്ധരുടെ അഭിപ്രായം. ശരീരഭാരം വേഗത്തിൽ കുറയ്ക്കാൻ ഭക്ഷണം കഴിക്കാനുള്ള ഏറ്റവും നല്ല സമയം ഏതാണ് എന്ന് അറിഞ്ഞിരിക്കേണ്ടതും പ്രധാനപ്പെട്ടതാണ്.
പ്രശസ്ത ന്യൂട്രീഷനായ മെലിസ മിത്രി ഭക്ഷണം കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച സമയമേതെന്ന് വെളിപ്പെടുത്തുന്നു. മെലിസ മിത്രിയുടെ അഭിപ്രായത്തിൽ ഭക്ഷണം കഴിക്കാനുള്ള ഏറ്റവും മികച്ച സമയം അതിരാവിലെയാണ് എന്നതാണെന്ന് എം.എസ്.എൻ.കോം റിപ്പോർട്ട് ചെയ്യുന്നു.
ദിവസത്തിന്റെ തുടക്കത്തിൽ കഴിക്കുമ്പോൾ ശരീരം കൂടുതൽ ഉൽപ്പാദനക്ഷമതയോടെ ഭക്ഷണം ദഹിപ്പിക്കുമെന്ന് മിത്രി പറയുന്നു. കഴിക്കുന്ന ഭക്ഷണം കൊഴുപ്പായി സൂക്ഷിക്കുന്നതിനുപകരം ഊർജത്തിനായി ഉപയോഗിക്കാനും ശരീരത്തിന് കഴിയും. രാവിലെ 7 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ മാത്രം ഭക്ഷണം കഴിക്കുന്നത് കൂടുതൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇടയാക്കുമെന്ന് അടുത്തിടെ നടത്തിയ ഒരു ഗവേഷണ പഠനം തെളിയിച്ചിട്ടുണ്ടെന്നും മെലിസ മിത്രി വ്യക്തമാക്കി.പക്ഷേ മൂന്നുമണിവരെ ഭക്ഷണം കഴിക്കുന്നത് എല്ലായ്‌പ്പോഴും സാധ്യമാകണമെന്നില്ല.
ഒരു വിഭാഗം വിദഗ്ധർ രാത്രി 8:00 മണിക്ക് ശേഷം ഭക്ഷണം കഴിക്കരുതെന്ന് നിർദ്ദേശിക്കുന്നു, എന്നിരുന്നാലും കൃത്യമായ പഠനങ്ങളൊന്നും ഇത് പിന്താങ്ങുന്നില്ലെന്നും അവർ പറയുന്നു. 'നിങ്ങളുടെ കലോറിയുടെ ഭൂരിഭാഗവും നേരത്തെ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. രാവിലെ 8 മണിമുതൽ രാത്രി 8 മണി വരെ ഭക്ഷണസമയം ഷെഡ്യൂൾ ചെയ്യുക. ഇതുവഴി കുറഞ്ഞത് 12 മണിക്കൂറെങ്കിലും ശരീരത്തിനും ഉപാപചയ പ്രവർത്തനത്തിനും വിശ്രമം നൽകുകയും ചെയ്യുന്നു. വൈകി അത്താഴം കഴിക്കുന്നതിന് പകരം പ്രഭാതഭക്ഷണത്തിൽ കൂടുതൽ കലോറി ഉൾപ്പെടുത്തുന്നതും കൂടുതൽ ഭാരം കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്'. മിത്രി പറയുന്നു.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാനും മിത്രി ശുപാർശ ചെയ്യുന്നുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും മിത്രി ചൂണ്ടിക്കാണിക്കുന്നു പ്രഭാതഭക്ഷണം രാജാവിനെ പോലെ കഴിക്കണം എന്ന കാര്യം മറക്കരുതെന്ന് അവർ പറയുന്നു.
Comments