ഫ്രിഡ്ജ് ഇല്ലെങ്കിലും വിഷമിക്കേണ്ട; പച്ചക്കറി കേടാവാതെ സൂക്ഷിക്കാൻ വഴികൾ ഇതാ..

 പച്ചക്കറികൾ വാങ്ങിയാൽ ഫ്രഡ്ജില്ലാത്തവർക്ക് വലിയ തലവേദനയാണ്. ഫ്രഡ്ജില്ലാതെയും പച്ചക്കറികൾ എങ്ങനെ ദീർഘനാൾ കേടാവാതെ സൂക്ഷിക്കാമെന്ന് നോക്കാം..

വായുസഞ്ചാരമുള്ള സ്ഥലത്ത് പച്ചക്കറികൾ സൂക്ഷിക്കുക. കൂട്ടിയിടുകയോ പാത്രങ്ങളിലാക്കി അടച്ചുവെക്കുകയോ കവറിൽ തന്നെ വെക്കുകയോ ചെയ്യരുത്. നിലത്ത് ടൈലിൽ തന്നെ പച്ചക്കറികൾ വെയ്‌ക്കാവുന്നതാണ്. നിലത്ത് വിരിച്ച് വെക്കുമ്പോൾ അത്യാവശ്യം ഗ്യാപ് കൊടുത്ത് ഓരോ പച്ചക്കറിയും വെക്കാൻ ശ്രദ്ധിക്കുക.

ചാക്ക് നനച്ച് കൊടുത്ത് അതിന് മുകളിൽ പച്ചക്കറികൾ വെക്കാവുന്നതാണ്. ഇതുവഴി പച്ചക്കറികൾക്ക് തണുപ്പ് കിട്ടുകയും ദീർഘനാൾ കേടാവാതെ ഇരിക്കുകയും ചെയ്യും. ഇഞ്ചി പോലുള്ളവ പെട്ടെന്ന് വരണ്ടുണങ്ങുന്നത് തടയാൻ അൽപം ഈർപ്പമുള്ള തുണിയിൽ വെക്കാവുന്നതാണ്.

പച്ച നേന്ത്രക്കായ പെട്ടെന്ന് പഴുത്തുപോകുന്നതാണ് മറ്റൊരു പ്രശ്നം. ഇതൊഴിവാക്കാൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് കായ അതിൽ മുക്കിയിടുക. എത്രദിവസം വേണമെങ്കിലും ഇങ്ങനെ വെള്ളത്തിൽ മുക്കിവെക്കാം. കായ കേടായി പോകുകയില്ലെന്ന് മാത്രമല്ല, ദീർഘനാൾ കായ പഴുക്കാതെ സൂക്ഷിക്കാൻ സാധിക്കുകയും ചെയ്യും.

ചെറിയ ഉള്ളി കേടാവാതിരിക്കാനും മുള വരാതിരിക്കാനും അവ വാങ്ങിയ ദിവസം തന്നെ വെയിലത്തിട്ട് നല്ലപോലെ ചൂടുകൊള്ളിക്കാവുന്നതാണ്. ഇതുപോലെ തന്നെ സവാള, വെളുത്തുള്ളി എന്നിവയും വെയിൽ കൊള്ളിക്കുന്നത് നല്ലതാണ്.

കാബേജ് വാങ്ങുമ്പോൾ ആവശ്യത്തിന് അനുസരിച്ച് മാത്രം വാങ്ങുക. അവ മുറിച്ചു കഴിഞ്ഞാൽ പിന്നെ സൂക്ഷിച്ചുവെക്കാൻ സാധിക്കില്ല. അതിനാൽ ഒരു ദിവസം കറി വെക്കുന്നതിന് വേണ്ടിയുള്ള കാബേജ് മാത്രം നോക്കി വാങ്ങുക. വീട്ടിൽ അംഗങ്ങൾ കുറവാണെങ്കിൽ ചെറിയ കാബേജ് വാങ്ങുക.

കാരറ്റ് വാങ്ങിയാൽ അവയുടെ രണ്ട് അറ്റവും ചെത്തിക്കളഞ്ഞ് വെക്കാവുന്നതാണ്. ഇതുവഴി കാരറ്റ് പെട്ടെന്ന് ചീഞ്ഞുപോകുന്നത് തടയാം. അൽപം നനവുള്ള തുണിയിൽ പച്ചക്കറികൾ പൊതിഞ്ഞു വെക്കുന്നതും അവ കേടാകാതിരിക്കാൻ സഹായിക്കും. അതുപോലെ പച്ചമുളക് വാങ്ങിയാൽ അതിന്റെ തണ്ട് പൊട്ടിച്ച് കളയുന്നതും മുളക് ചീയാതിരിക്കാൻ ഗുണം ചെയ്യും.

മൺചട്ടിയിൽ വെള്ളം നിറച്ച് അതിന് മുകളിലായി മറ്റൊരു മൺചട്ടി വെച്ച് അതിലേക്ക് പച്ചക്കറികൾ ഇട്ട് സൂക്ഷിക്കാവുന്നതാണ്. വെള്ളത്തിൽ നിന്നുള്ള തണുപ്പ് ചട്ടിക്ക് ലഭിക്കുകയും അതുവഴി പച്ചക്കറികൾ ഫ്രഷ് ആയി ഇരിക്കുകയും ചെയ്യും.

കറിവേപ്പില ഗ്ലാസിന്റെ കുപ്പികളിലാക്കി സൂക്ഷിച്ചുവെച്ചാൽ ഒരാഴ്ചയോളം കേടാവാതിരിക്കും. തണ്ടുകളിൽ നിന്ന് ഇവ വേർപ്പെടുത്തിയാണ് ഗ്ലാസ് കുപ്പികളിൽ ഇട്ടുവെക്കേണ്ടത്. പുതിനയില വാങ്ങിയാൽ ഗ്ലാസിൽ വെള്ളം നിറച്ചതിന് ശേഷം അവ തണ്ടോടെ വെക്കുക.

ഉരുളക്കിഴങ്ങ് സൂക്ഷിക്കുമ്പോൾ തുറസായ സ്ഥലത്ത് വെക്കാൻ ശ്രദ്ധിക്കുക. കൂട്ടത്തിൽ അൽപം വെളുത്തുള്ളി കൂടിയിട്ടുകൊടുത്താൽ അവ കൂടുതൽ നാൾ ഫ്രഷ് ആയി ഇരിക്കും.

മുട്ട വാങ്ങിയാൽ അവയ്‌ക്ക് മുകളിൽ അൽപം കുക്കിംഗ് ഓയിൽ തേച്ചുവെച്ചുക. ഇത് മുട്ട കേടാകാതിരിക്കാൻ സഹായിക്കും. അതുമല്ലെങ്കിൽ അരിയിട്ട് വെക്കുന്ന പാത്രത്തിൽ മുട്ട സൂക്ഷിച്ച് വെക്കാം.

പൊട്ടിച്ചുവെച്ച നാളികേരം പൂപ്പൽ വരാതെ കേടാകാതിരിക്കാൻ അൽപം ഉപ്പ് പുരട്ടി വെക്കാവുന്നതാണ്. ഒന്നര ദിവസം വരെ തേങ്ങ കേടാവാതിരിക്കും.

പച്ചക്കറികൾ വാങ്ങുമ്പോൾ എപ്പോഴും പുതിയ പച്ചക്കറികൾ നോക്കി വാങ്ങാൻ ശ്രദ്ധിക്കുക. പഴക്കമുള്ള പച്ചക്കറികൾ പെട്ടെന്ന് കേടായി പോകുന്നതാണ്. വാങ്ങിവെച്ച പച്ചക്കറികളിൽ പെട്ടെന്ന് വാടിപോകാൻ സാധ്യതയുള്ളവ നോക്കി ആദ്യം ഉപയോഗിക്കുക.


Comments