പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് തൂക്കം കുറയ്ക്കുക എന്നത്. ഇതിനായി ഡയറ്റും വ്യായാമവും പിന്തുടരണം എന്നതിനാൽ പലരും ഭാരം കുറയ്ക്കാനായി ശ്രമം നടത്താറില്ല. ഭക്ഷണം കഴിക്കാതെ ഡയറ്റ് ഫോളോ ചെയ്യുകയോ ദിവസവും വ്യായാമം ചെയ്ത് ക്ഷീണിക്കുകയോ ചെയ്യാതെ തൂക്കം കുറയ്ക്കാനുള്ള മാർഗങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം
1, ഭക്ഷണം കഴിക്കുമ്പോൾ നല്ലവണ്ണം ചവച്ചരച്ച് കഴിക്കുക. സാവധാനം, സമയമെടുത്ത് മാത്രം ആഹാരം കഴിക്കുക. ഒരുപാട് സമയം ചിലവഴിച്ച് ഭക്ഷണം കഴിക്കുമ്പോൾ പെട്ടെന്ന് വയറുനിറഞ്ഞത് പോലെ അനുഭവപ്പെടുന്നതാണ്. കഴിക്കുന്നതിന്റെ അളവ് കുറവാണെങ്കിലും ആവശ്യത്തിന് കഴിച്ചുവെന്ന് തോന്നും. അതിവേഗം ഭക്ഷണം കഴിക്കുന്നവർ പെട്ടെന്ന് വണ്ണം വെയ്ക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
2. ആരോഗ്യപരമല്ലാത്ത ഭക്ഷണ സാധനങ്ങൾ ചെറിയ പാത്രത്തിലെടുത്ത് കഴിക്കുക. ഒരേസമയം പാത്രം മുഴുവൻ നിറഞ്ഞിരിക്കുന്നതായി തോന്നുകയും എന്നാൽ വളരെ കുറച്ച് അളവിൽ മാത്രം കഴിക്കാൻ സഹായിക്കുകയും ചെയ്യും. സമാനമായി ആരോഗ്യദായകമായ ഭക്ഷണങ്ങളാണെങ്കിൽ വലിയ പാത്രത്തിൽ വിളമ്പി കഴിക്കുകയും ചെയ്യാം.
3. കഴിക്കുന്ന ഭക്ഷണത്തിൽ വലിയ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തുക. വയറുനിറഞ്ഞ പ്രതീതിയും വിശപ്പിന് ശമനവും ലഭിക്കാൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ നല്ലതാണ്.
4. ആരോഗ്യപരമല്ലാത്ത ആഹാരവസ്തുക്കൾ കൺമുന്നിൽ നിന്ന് മാറ്റി വെയ്ക്കുക. പലപ്പോഴും ഇത്തരം സാധനങ്ങൾ കാണുമ്പോഴാണ് കഴിക്കാൻ തോന്നുക. അതിനാൽ അത്തരം ഭക്ഷണ പദാർത്ഥങ്ങൾ പെട്ടെന്ന് കണ്ണെത്താത്ത സ്ഥലങ്ങളിലേക്ക് മാറ്റിവെയ്ക്കുക. മുറിക്കുള്ളിൽ വെച്ചിട്ടുണ്ടെങ്കിൽ അവ സ്റ്റോർ റൂമിലേക്ക് മാറ്റാം. കൂടാതെ വെറുതെ ഇരിക്കുമ്പോൾ സ്നാക്ക്സ് കൊറിക്കുന്നതിന് പകരം പഴങ്ങളും പച്ചക്കറികളും കഴിക്കാനും ശ്രമിക്കുന്നത് ഗുണം ചെയ്യും
5. ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അത് ഭാരം കുറയ്ക്കാനും കൂടുതൽ സമയം വിശപ്പില്ലാതെയിരിക്കാനും സഹായിക്കും.
6. ധാരാളം വെള്ളം കുടിക്കുക. ഇതുവഴി കുറച്ച് ആഹാരം കഴിക്കാൻ സാധിക്കും. ആഹാരത്തിന്റെ അളവ് കുറയുമ്പോൾ ഭാരവും കുറയും. പ്രധാനമായും ഭക്ഷണം കഴിക്കുന്നതിന് മുന്നോടിയായി വെള്ളം കുടിക്കുക. ഇത് കഴിക്കാൻ തോന്നുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
7. ഇലക്ട്രോണിക് ഉപകരണങ്ങൾ നോക്കിയിരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക. ഉദാഹരണമായി ടിവി കണ്ടും ഫോൺ നോക്കിയും കമ്പ്യൂട്ടറിൽ ഗെയിം കളിച്ചും ഭക്ഷണം കഴിക്കാതിരിക്കുക. മറ്റെന്തെങ്കിലും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഭക്ഷണം കഴിക്കുമ്പോൾ ആഹാരത്തിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്. അതിനാൽ പ്ലേറ്റിലേക്ക് നോക്കിയിരുന്ന് ചവച്ചരയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഭക്ഷണം കഴിക്കുക.
8. നന്നായി ഉറങ്ങാൻ ശ്രദ്ധിക്കുക. ചിലർ കൃത്യസമയത്ത് ഉറങ്ങാത്തത് മൂലം ഹോർമോൺ വ്യതിയാനം സംഭവിക്കാം. ഇത് ഭാരം കൂടാനും കാരണമാകും. കൂടാതെ ആരോഗ്യപരമല്ലാത്ത ആഹാര സാധനങ്ങൾ കഴിക്കാൻ തോന്നുന്നതിലേക്കും ഇത് നയിക്കും. മാനസിക സമ്മർദ്ദങ്ങളെ ഒഴിവാക്കുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കും.
9. മധുര പാനീയങ്ങൾ പരമാവധി ഒഴിവാക്കുക. പകരം വെള്ളം കുടിക്കാൻ ശ്രമിക്കുക. കോഫിയും ഗ്രീൻ ടീയും ശീലമാക്കാവുന്നതാണ്.
10. ആരോഗ്യപരമല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ചുവന്ന പാത്രത്തിൽ എടുത്ത് കഴിക്കാൻ ശ്രമിക്കുക. അങ്ങനെയെങ്കിൽ വളരെ കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കാൻ തോന്നുന്നതാണ്. ചുവപ്പ് നിറം എപ്പോഴും അപകടത്തെയാണ് ഓർമ്മപ്പെടുത്തുകയെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കഴിക്കുന്ന ഭക്ഷണം ആരോഗ്യദായകമല്ലെന്ന് തോന്നിപ്പിക്കാൻ ഇത്തരത്തിൽ ചുവന്ന പ്ലേറ്റിൽ കഴിക്കുന്നത് സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം
Comments